ഷോ കാണിക്കാൻ എനിക്ക് സിനിമയുണ്ട്, സി.പി.എമ്മാണെങ്കിലും ഇതുതന്നെ പറയും: ജോജു

കൊച്ചി: രാഷ്ട്രീയം നോക്കിയല്ല കോണ്‍ഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയല്ലെന്നും നടന്‍ ജോജു ജോര്‍ജ്. റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കവണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടെയെന്നും ജോജു ജോര്‍ജ് ചോദിച്ചു. പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ജോജു.

കേരള ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനില്‍ക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയര്‍ത്തു കുളിച്ച് കുറേപേര്‍ ഇരിക്കുന്നു. ഇതിനേ തുടര്‍ന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്.

പ്രതിഷേധം കോണ്‍ഗ്രസ് പാര്‍ട്ടിയോടോ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടോ അല്ല. റോഡ് ഉപരോധിച്ചവരോട് മാത്രമാണ്. എന്റെ അപ്പനേയും അമ്മയേയും തെറി വിളച്ചത് കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളാണ്. അവര്‍ക്ക് എന്നെ തെറിവിളിക്കാം, ഇടിക്കാം. അപ്പനും അമ്മയും എന്ത് ചെയ്തു? അപ്പനും അമ്മയ്ക്കും ഈ പ്രായത്തിലും ഞാന്‍ കാരണം അവിടെ നിന്ന് തെറി കേള്‍ക്കേണ്ടിവന്നു. അതിനുശേഷം മദ്യപിച്ചിട്ടുണ്ടെന്ന് പരാതി നല്‍കി. ശരിയാണ് ഞാന്‍ മദ്യപിച്ചിരുന്നയാളാണ്. പക്ഷേ ഇപ്പോള്‍ മദ്യപിച്ചിട്ടില്ല.

അവിടെ കൂടിയവര്‍ക്ക് എതിരേ മാത്രമാണ് പറഞ്ഞത്. ഇത് ഒരുതരത്തിലും കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടതില്ല. എന്റെ അമ്മ ഒരു കോണ്‍ഗ്രസുകാരിയാണ്. ഇത് കുറച്ച് വ്യക്തികളുമായി ഉണ്ടായ പ്രശ്‌നമാണ്. അവര്‍ ചെയ്തത് ശരിയല്ലെന്നതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. സിനിമാ നടനാണ് എന്നത് വിടുക. സിനിമാ നടനാണ് എന്നതുകൊണ്ട് എനിക്ക് പറയാന്‍ പാടില്ലെന്നുന്നുണ്ടോ? ഞാന്‍ സഹികെട്ടിട്ടാണ് പറഞ്ഞത്. ഇത് രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇതിന്റെ പേരില്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് താല്പര്യമില്ല. എനിക്കിതൊരു ഷോ അല്ല.

സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. ഒരു കാര്യത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഉടന്‍ വന്ന പ്രതികരണം സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ്. എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. ഇവരെയെല്ലാം പൊന്നുപോലെ നോക്കുന്നയാളാണ്. കേരളത്തിലെ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. പെരുമാറിയെന്നാണ് അവര്‍ പറയുന്നത്. ഒരു ചേച്ചിയൊക്കെ എന്റെ കാര്‍ തല്ലിപ്പൊളിക്കുകയാണ്. അവര്‍ ചിന്തിക്കണം അവരെന്താണ് ചെയ്യുന്നതെന്ന്.

ഞാന്‍ പെട്ടുപോയി. കള്ളുകുടിച്ചില്ലന്ന് തെളിയിക്കേണ്ടിവന്നു. ഇന്ധവില വര്‍ധനവ് വലിയ പ്രശ്‌നമാണ്. ആ സമരരീതിയെ മാത്രമാണ് എതിര്‍ത്തത്. റോഡില്‍ വണ്ടി നിര്‍ത്തിയിട്ട് അവര്‍ സെല്‍ഫി എടുക്കുകയാണ്. പോലീസിനോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞാല്‍ പോലും കേള്‍ക്കില്ലെന്നാണ് പറഞ്ഞത്. എന്ത് വ്യവസ്ഥയിയിലാണിത്. നല്ല പണികിട്ടി, നാണം കെട്ടു. തന്നെ ഉപദ്രവിച്ചതിനും അധിക്ഷേപിച്ചതിനും വാഹനം തല്ലി തകര്‍ത്തതിനും പരാതി നല്‍കേണ്ടെ എന്നും ജോജു ചോദിച്ചു.

pathram:
Related Post
Leave a Comment