ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയെ 2024-ല്‍ പ്രധാനമന്ത്രിയായി കാണണമെങ്കില്‍ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി വിജയിപ്പിക്കണമെന്ന് അമിത് ഷാ. ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ മാഫിയ വിമുക്ത സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.
യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാല്‍ ഉത്തര്‍പ്രദേശിലെ വികസന പ്രവര്‍ത്തനങ്ങള്‍ നമുക്ക് തുടരാനാകും. യു.പിയില്‍ വികസനങ്ങള്‍ നടക്കാതെ നമുക്ക് രാജ്യത്തിന്റെ വികസനങ്ങള്‍ പൂര്‍ത്തിയാക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി മെംബര്‍ഷിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം 2024-ലെ ലോക്‌സഭ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ 90% വാഗ്ദാനങ്ങളും നടപ്പിലാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് മാസത്തിനിടയില്‍ ഇത് 100 ശതമാനമാക്കുമെന്നും പ്രതീക്ഷിക്കുന്നു, അമിത് ഷാ പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ നിരവധി രാമഭക്തരായ പാവപ്പെട്ടവരെ ഇല്ലാതാക്കി. പക്ഷെ ബി.ജെ.പി സര്‍ക്കാര്‍ രാമക്ഷേത്രം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ്. ഈ ജീവിതകാലയളവില്‍ രാമക്ഷേത്രം കാണാനാവുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ എന്നും അമിത് ഷാ ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ബി.ജെ.പി പരിഹരിച്ചു. ഇപ്പോള്‍ ഒരു 16 കാരിയായ പെണ്‍കുട്ടിക്ക് ആഭരണങ്ങള്‍ ധരിച്ച് രാത്രിയില്‍ സ്‌കൂട്ടര്‍ ഓടിച്ച് നടക്കാന്‍ പറ്റുന്ന നിലയിലേക്ക് യു.പി മാറിയെന്നും അമിത് ഷാ പറഞ്ഞു.
Read more: 120 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പഠിപ്പിച്ച പ്രധാനമന്ത്രി
Leave a Comment