അറസ്റ്റിലായി ഒരുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ആണ് ജാമ്യം ലഭിച്ചത്. 2020 ഒക്ടോബര്‍ 29-നാണ് കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഇ.ഡി.യുടെ കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. ആദ്യം സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയി ജാമ്യാപേക്ഷ നല്‍കിയത്. നീണ്ട ഏഴുമാസത്തെ വാദത്തിന് ശേഷമാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞിരിക്കുന്നത്.

2020 ഓഗസ്റ്റ് 21-ന് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഘ എന്നിവര്‍ ബെംഗളൂരുവില്‍ ലഹരിമരുന്നുമായി പിടിയിലായതാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. ബെംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസും ലഹരിക്കച്ചവടവും നടത്തിയിരുന്ന അനൂപിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും തെളിഞ്ഞു. ഇതോടെയാണ് ബിനീഷ് കോടിയേരിയെ എന്‍.സി.ബി.യും ഇ.ഡി.യും ചോദ്യംചെയ്യുന്നത്.

അനൂപിന്റെ ലഹരിക്കച്ചവടത്തിന്റെ മറവില്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ വാദം. ആദ്യം കൊച്ചിയിലും പിന്നീട് ബെംഗളൂരുവിലുംവെച്ച് ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തു. ബിസിനസ് സംരംഭങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിവരങ്ങള്‍ തേടി. ഇതിനുപിന്നാലെയാണ് ഒക്ടോബര്‍ 29-ന് വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അറസ്റ്റിലായതിന് പിന്നാലെ നവംബര്‍ ആദ്യവാരം ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ പല നാടകീയരംഗങ്ങളും അരങ്ങേറി. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ ആരോപിച്ചു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണംപോലും കൊടുക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുയര്‍ന്നു. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. സംഭവം ഏറെ വിവാദങ്ങള്‍ക്കും കാരണമായി.

എന്നാല്‍ ഈ റെയ്ഡിനിടെയുണ്ടായ സംഭവവികാസങ്ങള്‍ ബിനീഷിന്റെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തിന് തെളിവാണെന്നായിരുന്നു ഇ.ഡി.യുടെ വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജിയെ എതിര്‍ക്കുകയും ചെയ്തു.

സെഷന്‍സ് കോടതി ജാമ്യഹര്‍ജികള്‍ തള്ളിയതോടെയാണ് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അനൂപിന് വായ്പയായി പണം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ലഹരിക്കടത്തിലോ കള്ളപ്പണ ഇടപാടിലോ പങ്കില്ലെന്നുമായിരുന്നു ബിനീഷിന്റെ വാദം. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടം വഴി ലഭിച്ച പണമാണ് അക്കൗണ്ടിലുള്ളത്, ബിസിനസ് സംരംഭങ്ങള്‍ വഴിയാണ് താന്‍ പണം സമ്പാദിച്ചതെന്നും അച്ഛന്‍ അര്‍ബുദബാധിതനായി ചികിത്സയിലാണെന്നും തന്റെ സാമീപ്യം ആവശ്യമാണെന്നും ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു.

2021 മാര്‍ച്ചിലാണ് ബിനീഷിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങിയത്. കേസില്‍ ഒന്നാംപ്രതിയായ അനൂപ് മുഹമ്മദിന് ബിനീഷ് പണം നല്‍കിയതിന്റെ തെളിവ് ഹാജരാക്കാന്‍ ഇ.ഡി.ക്ക് സാധിച്ചിട്ടില്ല. ലഹരി ഇടപാടിന് ബിനീഷ് പണം ചെലവഴിച്ചുവെന്നത് സംശയം മാത്രമാണ്. മുഹമ്മദ് അനൂപ് ഉള്‍പ്പെട്ട ലഹരി വ്യാപാരത്തിലെ മുഖ്യ സൂത്രധാരനാണ് ബിനീഷ് എന്നായിരുന്നു ഇ.ഡി. ഇതുവരെ ആരോപിച്ചിരുന്നത്. എന്നാല്‍, ലഹരി ഇടപാടിന് പണം ചെലവഴിച്ചെന്ന വാദത്തിനിപ്പോള്‍ ഇ.ഡി. പ്രാധാന്യം നല്‍കുന്നില്ല. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) വിശദമായി ചോദ്യം ചെയ്തിട്ടും ബിനീഷിന് ലഹരിബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ബിനീഷ് ജയിലിലാണ്. ഒരുകോടിയില്‍ താഴെയുള്ള ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ പരിധിയില്‍ വരില്ല. മുഹമ്മദ് അനൂപിന് ബിനീഷ് നല്‍കിയത് ഒരു കോടിയില്‍ താഴെ മാത്രമാണ്. ബിനീഷിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന ഇ.ഡി.യുടെ വാദത്തിന് തെളിവുകള്‍ ഹാജരാക്കാനായിട്ടില്ല. കടലാസു കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കില്ല. ബിനീഷ് സമൂഹത്തില്‍ നല്ല പ്രതിച്ഛായയുള്ള വ്യക്തിയാണെന്നും വരുമാനം സംബന്ധിച്ച തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ ബിനീഷിന് ജാമ്യം നല്‍കുന്നതിനെ ഇ.ഡി. കോടതിയില്‍ ശക്തമായി എതിര്‍ത്തു. പ്രതിയുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും ഇ.ഡി. ചൂണ്ടിക്കാട്ടി. ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി 5 കോടി രൂപയോളം സമാഹരിച്ചുവെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. അനൂപിന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും ഈ പണം ഉപയോഗിച്ച് അനൂപ് ബിസിനസ് സംരംഭങ്ങളുടെ മറവില്‍ ലഹരിക്കച്ചവടം അടക്കം നടത്തിയെന്നും ഇ.ഡി. വാദിച്ചിരുന്നു.

മാര്‍ച്ചില്‍ തുടങ്ങിയ ജാമ്യാപേക്ഷയിലെ വാദം ഏഴുമാസമെടുത്താണ് പൂര്‍ത്തിയായത്. ആറുതവണ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് മാറി. സെപ്റ്റംബര്‍ അവസാനത്തോടെ ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി. വാദങ്ങളുടെ സംഗ്രഹം എഴുതിനല്‍കി. തുടര്‍ന്നാണ് ജസ്റ്റിസ് എം.ജി. ഉമ ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.

pathram:
Related Post
Leave a Comment