ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,923 പേര്‍ രോഗബാധിതരായി. 282 പേര്‍ മരണമടഞ്ഞു. 31,990 പേര്‍ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 3,01,604 ആയി കുറഞ്ഞു. 187 ദിവസത്തിനുള്ളിലെ കുറഞ്ഞ നിരക്കാണിത്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ 19,675 രോഗികളും 142 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ 3,28,15,731 പേര്‍ രോഗമുക്തരായി. 4,46,050 പേര്‍ മരണമടഞ്ഞു. ഇതുവരെ 83,39,90,049 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 71,38,205 ഡോസ് ഇന്നലെ മാത്രം നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, അമേരിക്കയില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് അടിയന്തരമായി നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ഡേകെയര്‍ ജീവനക്കാര്‍, ഷോപ്പ് ജീവനക്കാര്‍, ഭവനരഹിതര്‍, തടവുകാര്‍ തുടങ്ങി കോവിഡ് പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ള 65 കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യ ഡോസുകള്‍ സ്വീകരിച്ച് ആറു മാസം കഴിഞ്ഞ ശേഷമായിരിക്കും ബൂസ്റ്റര്‍ നല്‍കുക.
Leave a Comment