നെഹ്‌റുവിന്റെ പേര് ഒഴിവാക്കിയ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹം- കെ.ബാബു

കൊച്ചി: സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററില്‍ നിന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ. ബാബു എം.എല്‍.എ. പറഞ്ഞു. വിലകുറഞ്ഞതും പരിഹാസ്യവുമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ തഴഞ്ഞ ചരിത്ര ഗവേഷണ കൗണ്‍സിന്റെ നടപടി. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ തുടങ്ങി 387 നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇത് ഫാസിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമാണെന്ന് കെ.ബാബു പറഞ്ഞു.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും തേച്ച് മായിച്ച് കളയാവുന്ന പേരല്ല നെഹ്റുവിന്റെതെന്ന് ഇത് ചെയ്തവര്‍ മനസിലാക്കണം. നെഹ്‌റുവിന് പകരം ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ആന്‍ഡമാന്‍ ജയിലില്‍ നിന്നും മോചിതനായ സവര്‍ക്കറുടെ ചിത്രമാണ് നല്‍കിയത്. ഇതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യസമരസേനാനികളായ കോണ്‍ഗ്രസുകാരുടെ പേരുകള്‍ ഓരോന്ന് വെട്ടിമാറ്റി അവിടെ സംഘപരിവാരിവാറുകാരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്‌റുവിനോടുള്ള സംഘപരിവാറിന്റെ വിരോധം ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. ആര്‍.എസ്.എസിന്റെ വെടിയുണ്ടക്കിരയായ മഹാത്മാ ഗാന്ധിയോടുള്ളതിനേക്കാള്‍ സംഘപരിവാറിന് ശത്രുത നെഹ്‌റുവിനോടാണ്. നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയും അപഹസിക്കുകയും ചെയ്യുന്ന പ്രസ്താവനകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി.ജെ.പി.യുടെയും ഇതര സംഘ്പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ നിരന്തരം നടത്തിവരാറുള്ളത്.
സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തരം കെട്ടുറപ്പുള്ള ശക്തമായ ഒരു രാജ്യത്തെ വാര്‍ത്തെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്താതെയുള്ള ഇന്ത്യാ ചരിത്രം തീര്‍ത്തും അപൂര്‍ണമാണ്. ലോകം കണ്ട മഹാനേതാക്കളില്‍ ഒരാളായ അദ്ദേഹത്തെ തമസ്‌കരിക്കാമെന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് കെ.ബാബു പറഞ്ഞു.

pathram:
Leave a Comment