ബ്ലാക്ക്‌ ഫംഗസ്‌ ബാധിതര്‍ക്ക്‌ സൗജന്യ ചികില്‍സ, ഉറപ്പാക്കുമെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കൊച്ചി : കോവിഡ്‌ ഭേദമായവരില്‍ കണ്ടെത്തിയ ഫംഗസ്‌ ബാധയായ മ്യൂക്കോര്‍ മൈക്കോസിസ്‌ (ബ്ലാക്ക്‌ ഫംഗസ്‌) ബാധിച്ചവര്‍ക്കു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എട്ടു മുതല്‍ 12 ലക്ഷം വരെ ചെലവുവരുന്ന ചികിത്സ ബി.പി.എല്‍, എ.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമായി ലഭ്യമാക്കും. ബി.പി.എല്‍. വിഭാഗത്തിന്‌ എമ്പാനല്‍ പട്ടികയിലുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡിനും അനുബന്ധരോഗങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭിക്കും.

കോവിഡ്‌, അനുബന്ധരോഗം ബാധിച്ചവര്‍ക്കു നഷ്‌ടപരിഹാരം (എക്‌സ്‌ഗ്രേഷ്യ മോണിട്ടറി കോമ്പന്‍സേഷന്‍ – ഇ.എം.സി) നല്‍കാന്‍ കോടതി ഇടപെടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ചു സമര്‍പ്പിച്ച റിട്ട്‌ഹര്‍ജിയിലാണു സുപ്രീംകോടതി സംസ്‌ഥാനങ്ങളോടു വിശദീകരണം തേടിയത്‌. കോവിഡുമായി ബന്ധപ്പെട്ടു നിരവധിഹര്‍ജികളാണു സുപ്രീംകോടതിയില്‍ ദിവസേന ഫയല്‍ എത്തുന്നത്‌.
കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി 3.20 കോടി രൂപ അനുവദിച്ചു. മൂന്നുലക്ഷം രൂപയുടെ സ്‌ഥിരനിക്ഷേപവും 18 വയസുവരെ പ്രതിമാസം 2,000 രൂപ വീതവും നല്‍കും. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു വഹിക്കും.

കോവിഡ്‌ മൂലം മാതാവും പിതാവും നഷ്‌ടപ്പെട്ട കുട്ടികള്‍, കോവിഡ്‌ നെഗറ്റീവായി മൂന്നു മാസത്തിനകം കോവിഡ്‌ അനുബന്ധ ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍, പിതാവോ മാതാവോ മുമ്പു മരണപ്പെട്ടതും കോവിഡ്‌ മൂലം നിലവിലുള്ള ഏക രക്ഷിതാവ്‌ മരണപ്പെടുകയും ചെയ്‌ത കുട്ടികള്‍, മാതാവോ പിതാവോ നേരത്തേ ഉപേക്ഷിച്ചവരും ഏക രക്ഷിതാവ്‌ കോവിഡ്‌ മൂലം മരിക്കുകയും ചെയ്‌ത കുട്ടികള്‍,
മാതാപിതാക്കള്‍ മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്‌തു ബന്ധുക്കളുടെ സംരക്ഷണയില്‍ കഴിയുകയും നിലവില്‍ സംരക്ഷിക്കുന്ന രക്ഷിതാക്കള്‍ കോവിഡ്‌ മൂലം മരണപ്പെടുകയും ചെയ്‌ത കുട്ടികള്‍ എന്നീ വിഭാഗക്കാര്‍ക്കു കുടുംബത്തിന്റെ വരുമാനമോ മറ്റു മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായം നല്‍കുമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

pathram:
Related Post
Leave a Comment