കോഴിക്കോട് വ്യാപരികളും പോലീസും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: നഗരത്തില്‍ വ്യാപരികളും പോലീസും തമ്മില്‍ സംഘര്‍ഷം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കോഴിക്കോട് നഗരത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പട്ട് ജില്ലയിലെ വ്യാപാരികള്‍ മിഠായി തെരുവില്‍ പ്രതിഷേധവുമായി എത്തി. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

നേരത്തെ നഗരം കോവിഡ് ബി കാറ്റഗറിയില്‍ ആയിരുന്നതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം കടകള്‍ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. പുതുതായി വന്ന കണക്ക് പ്രകാരം ജില്ല സി കാറ്റഗറിയിലേക്ക് മാറിയതോടെ ഇനി ഒരു ദിവസം മാത്രമാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകുക. ഇതിനെതിരെയാണ് വ്യാപാരികള്‍ പ്രതിഷേധവുമായി എത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യാപാരികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് പോലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പത്ത് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ ദിവസവും കടകള്‍ തുറന്നാല്‍ നഗരത്തിലേയും കടകളിലേയും തിരക്ക് കുറയുമെന്നും നിയന്ത്രണങ്ങള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നുമാണ് വ്യാപാരികളുടെ വാദം.

വ്യാപാരികളുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും കോവിഡ് സി കാറ്റഗറിയില്‍പെട്ട സ്ഥലത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും രോഗനിരക്ക് കുറയുന്ന നിലയ്ക്ക് ഇളവുകള്‍ നല്‍കുന്നത് പരിശോധിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നാല്‍ വ്യാപാരികളുടെ ട്രേഡ് ലൈസന്‍സ് റദ്ദാക്കുമെന്നും വ്യാപാരികള്‍ സഞ്ചരിക്കുന്ന വാഹനം പിടിച്ചെടുക്കുമെന്നും ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

pathram:
Leave a Comment