മിന്നലേറ്റ് 20 മരണം: 11 പേരും മരിച്ചത് സെല്‍ഫിയെടുക്കുന്നതിനിടെ

ജയ്പുര്‍: വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേര്‍ മരിച്ചു. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്.

സെല്‍ഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ ആള്‍ക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. ഇടിമിന്നലേറ്റപ്പോള്‍ ചിലര്‍ പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ബരന്‍, ജല്‍വാര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വിതവും കോട്ടയില്‍ നാലുപേരും, ധോല്‍പുരില്‍ മൂന്നുപേരും ഇടിമിന്നലേറ്റ് മരിച്ചു. മരണപ്പെട്ടവരില്‍ ഏഴുപേര്‍ കുട്ടികളാണ്.

ഇടിമിന്നല്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ‘രാജസ്ഥാന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അവരുടെ വേര്‍പാടില്‍ അഗാധമായ ദുഃഖമുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച കനത്ത മഴപെയ്തു. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

pathram:
Related Post
Leave a Comment