രാജ്യത്ത് 84,332 പുതിയ കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. അതേസമയം 1,21,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 മരണംകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,67,081 ആയി. രാജ്യത്ത് ഇതുവരെ 2,93,59,155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,80,690 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
ജൂണ്‍ പത്താംതിയതി ഒഴിവാക്കിയാല്‍ 15 ദിവസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് പ്രതിദിന മരണസംഖ്യ നാലായിരം കടക്കുന്നത്. ജൂണ്‍ പത്തിന് 6,148 മരണമായിരുന്നു സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ 2619 മരണം റിപ്പോര്‍ട്ട് ചെയ്തതാണ് മരണസംഖ്യ നാലായിരം കടക്കാന്‍ കാരണം.

പ്രതിദിന മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടും (378) മൂന്നാം സ്ഥാനത്ത് കേരളവും (173) നാലാം സ്ഥാനത്ത് കര്‍ണാടകവു (159)മാണ്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും നൂറില്‍ താഴെയാണ് പ്രതിദിന മരണസംഖ്യ. പ്രതിദിന മരണസംഖ്യയുടെ 85 ശതമാനവും ഈ നാല് സംസ്ഥാനങ്ങളില്‍ നിന്നുമാണ്.

pathram:
Related Post
Leave a Comment