ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,51,367 പേര്‍ രോഗമുക്തി നേടി.
സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണക്കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 6148 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് പ്രതിദിന കണക്കിലെ വന്‍ വര്‍ധനവിന് കാരണം. ബിഹാറില്‍ നേരത്തെ കണക്കില്‍പ്പെടാത്ത 3971 മരണങ്ങളാണ് കഴിഞ്ഞദിവസം പുതിയതായി രേഖപ്പെടുത്തിയത്.
ബിഹാറിലെ യഥാര്‍ഥ കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ഏപ്രില്‍-മെയ് മാസങ്ങളിലെ മരണനിരക്ക് പരിശോധിക്കാന്‍ പാട്‌ന ഹൈക്കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം 9249 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സര്‍ക്കാറിന്റെ പുതിയ കണക്ക്. കഴിഞ്ഞ ദിവസം വരെ 5,500ല്‍ താഴെ ആളുകള്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നായിരുന്നു ബിഹാര്‍ സര്‍ക്കാറിന്റെ കണക്ക്.
ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകള്‍ 2,91,83,121 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയി. നിലവില്‍ 11,67,952 പേരാണ് ചികിത്സയിലുള്ളത്. 23,90,58,360 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി.
Leave a Comment