ന്യൂഡൽഹി: ഒരു പുതുതലമുറ ബാച്ചാണ് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. രാജ്യസംരക്ഷണമാണ് വിഷയം. ഒട്ടും പിന്നാക്കം നിൽക്കാൻ പാടില്ല. പരിശീലനത്തിന്റെ ചുമതലയുള്ള വ്യക്തിയെന്ന നിലയിൽ അവർ കരുത്താണെന്ന് താൻ ഒന്ന് കൂടി ഉറപ്പു വരുത്തുന്നതിൽ തെറ്റില്ല, കൂട്ടത്തിൽ അൽപം റിലാക്സേഷനും. ഇതൊക്കെയാവണം ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ കരംബീർ സിങ്ങിന്റെ മനസ്സിൽ ആ നേരം കടന്നു പോയത്. എന്തായാലും അദ്ദേഹത്തിന്റെ അവസാനവട്ട വിലയിരുത്തൽ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനങ്ങൾ നേടുകയാണ്.
ഹണ്ടർ സ്ക്വാഡ്രോണിലെ കേഡറ്റുകളോടായിരുന്നു അഡ്മിറൽ സിങ്ങിന്റെ ആ സ്പെഷ്യൽ ചോദ്യം. നിങ്ങൾക്ക് എത്ര പുഷ് അപ്പുകൾ എടുക്കാൻ സാധിക്കും?ഞൊടിയിടയിലായിരുന്നു കേഡറ്റുകളുടെ ഉത്തരം, എത്ര വേണമെങ്കിലും. വൈകിയില്ല, അടുത്ത നിമിഷം അറുപത്തിയൊന്നുകാരനായ സിങ്ങുൾപ്പെടെ എല്ലാവരും പുഷ് അപ് ആരംഭിച്ചു. ക്യാപും മാസ്കുമൊക്കെ മാറ്റാതെയായിരുന്നു പുഷ് അപ്. എല്ലാവർക്കും അതൊരു ഹരമായി.
നാഷണൽ ഡിഫൻസ് അക്കാദമി(എൻഡിഎ)യിൽ നിന്ന് 140-മത്തെ ബാച്ചാണ് വെള്ളിയാഴ്ച പരിശീലനം പൂർത്തിയാക്കിയത്. 300 കേഡറ്റുകൾ നാവിക, വ്യോമ കരസേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായി പരിശീലനം പൂർത്തിയാക്കി. ശനിയാഴ്ച പാസ്സിങ് ഔട്ട് പരേഡ് നടക്കും. കോവിഡ് പ്രതിസന്ധിക്കിടയിലും നടക്കുന്ന മൂന്നാമത്തെ പാസ്സിങ് ഔട്ട് പരേഡാണിത്. അഡ്മിറൽ സിങ് പാസ്സിങ് ഔട്ട് പരേഡിന്റെ മുഖ്യാതിഥിയാണ്. കേഡറ്റുകൾ ഔദ്യോഗികമായി കമ്മിഷൻഡ് ഓഫീസർമാരാകുന്ന പാസ്സിങ് ഔട്ട് പരേഡിൽ കേഡറ്റുകളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
Leave a Comment