എല്‍ഡിഎഫിന്റെ തുടര്‍ഭരണം; പ്രശംസിച്ച് വിദേശ രാജ്യങ്ങളിലെ ഇടത്‌ പാര്‍ട്ടികള്‍

കൊച്ചി: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടി ചരിത്രം കുറിച്ചതില്‍ സിപിഎമ്മിന് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും പ്രശംസ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ക്യൂബ, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളും കേരളത്തിലെ പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും പ്രശംസിച്ചു.

‘ജര്‍മ്മനിയിലെ പ്രധാന ഇടതുപക്ഷ പാര്‍ട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കള്‍ അഭിവാദ്യങ്ങള്‍ അയച്ചു. കോവിഡ് സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അറിയിക്കാന്‍ അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ചൈനയിലേയും ക്യൂബയിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഇതിനോടകം ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയും ഐക്യദാര്‍ഢ്യം അറിയിച്ചു’ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.

കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണമെന്ന് ജര്‍മന്‍ പാര്‍ട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കള്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞു.

‘കേരളത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ട് ടേം അധികാരത്തിലെത്തുന്നത് കഴിഞ്ഞ കാലത്തെ വിജയകരമായ ഇടതു തന്ത്രങ്ങളുടെ ഫലമാണ്. പൗരന്മാരുടെ വിശാലമായ പങ്കാളിത്തത്തിനുള്ള മാര്‍ഗം മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങളോടെ മുന്നോട്ട് പോകുന്നു, പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളില്‍. ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘകാല നടപടികള്‍ ഈ മഹാമാരിയുടെ സമയത്ത് വലിയ വിജയമായിരുന്നു’പാര്‍ട്ടി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം സന്ദേശത്തില്‍ കുറിച്ചു.

pathram:
Related Post
Leave a Comment