ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി ; നാളെ സത്യപ്രതിജ്ഞ

ഗുവാഹാട്ടി: ഒരാഴ്ച നീണ്ട സസ്‌പെന്‍സിനൊടുവില്‍ മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളും ഹിമന്ദ ബിശ്വ ശര്‍മയും തമ്മില്‍ മുഖ്യമന്ത്രി കസേരയെ ചൊല്ലി തര്‍ക്കം നിലനിന്നിരന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ ഇന്ന് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിക്കുകയായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറിനേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങിനേയും എംഎല്‍എമാരുടെ യോഗത്തില്‍ നിരീക്ഷകരായി നിയോഗിച്ചിരുന്നു. ഇതിനിടെ സര്‍ബാനന്ദ് സോനോവാള്‍ ഗവര്‍ണര്‍ക്ക് രാജിയും കൈമാറി.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് തീരുമാനം.

അസമില്‍ 126-ല്‍ 75 സീറ്റുനേടിയാണ് എന്‍.ഡി.എ. സഖ്യം ഭരണം നിലനിര്‍ത്തിയത്. ബി.ജെ.പി.ക്ക് 60, സഖ്യകക്ഷികളായ അസം ഗണപരിഷത്തിന് ഒമ്പത്, യു.പി.പി.എല്ലിന് ആറ് എന്നിങ്ങനെയാണ് സീറ്റുനില. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം 50 സീറ്റുനേടിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍നിന്ന് 2016-ല്‍ ബി.ജെ.പി.യില്‍ ചേക്കേറിയ ഹിമന്ദ അമിത് ഷായുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ബി.ജെ.പി.യുടെ വടക്കുകിഴക്കന്‍ രാഷ്ട്രീയപദ്ധതികളുടെ സൂത്രധാരനുമാണ്. മികച്ച സംഘാടകനും ജനസ്വാധീനമുള്ള നേതാവും വടക്കുകിഴക്കന്‍ ജനാധിപത്യസഖ്യത്തിന്റെ കണ്‍വീനറുമായ ഹിമന്ദയാണ് പാര്‍ട്ടിയുടെ അസമിലെ മുഖം.

എന്നാല്‍, അസമിലെ ജാതിസമവാക്യങ്ങള്‍ അനുസരിച്ച് സര്‍ബാനന്ദ് സോനോവാളിനാണ് 2016-ല്‍ മുഖ്യമന്ത്രി പദം നല്‍കിയത്. തദ്ദേശീയ സോനോവാള്‍-കച്ചാഡി ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയാണ് സര്‍ബാനന്ദ്. മികച്ച പ്രതിച്ഛായയുള്ള സര്‍ബാനന്ദ് ഒന്നാം മോദിമന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരിക്കെയാണ് മുഖ്യമന്ത്രിപദവിയില്‍ നിയുക്തനായത്

pathram:
Related Post
Leave a Comment