കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; 24 മണിക്കൂറിനിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത് 331 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യമേഖല പ്രതിസന്ധിയെ അഭിമുഖീകരിച്ചു തുടങ്ങിയെന്ന് ആശങ്ക. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഓരോ ദിവസവും വെന്റിലേറ്റര്‍, ഐ.സി.യു. സൗകര്യമുള്ള കിടക്കകളുടെ ആവശ്യകത കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെയാണ് ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.

കോവിഡ് വ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഈ കണക്ക് ഇനിയും ഉയരും. വ്യാപനം രൂക്ഷമായ എറണാകുളത്ത് സാഹചര്യങ്ങള്‍ ഗുരുതരമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിന് മുകളിലായി. ഇവിടെ ആശുപത്രികളില്‍ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു.

ഗുരുതരമല്ലാത്ത രോഗികളെ പാര്‍പ്പിക്കാനുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സൗകര്യം വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. കോവിഡ് മൂലം ശ്വാസതടസം അനുഭവപ്പെടുന്നവര്‍ക്ക് പ്രധാനമായും ലഭിക്കേണ്ടത് ഓക്‌സിജന്‍ സൗകര്യമാണ്. ഇത് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

സംസ്ഥാനത്ത് നിലവില്‍ ഐ.സി.യുകളില്‍ 2,323 പേരും വെന്റിലേറ്ററില്‍ 1,138 പേരും ചികിത്സയിലുണ്ട്. സര്‍ക്കാര്‍സ്വകാര്യ മേഖലകളില്‍ ആയി 508 വെന്റിലേറ്റര്‍ ഐ.സി.യു., 285 വെന്റിലേറ്റര്‍, 1,661 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഗുരുതര രോഗികളെ പോലും പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് ആശുപത്രികള്‍ നിറയുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

രോഗവ്യാപനം ഇനിയും വര്‍ധിക്കാതിരുന്നാല്‍ മാത്രമേ പ്രതിസന്ധിയെ അതിജീവിക്കാന്‍ സാധിക്കൂ. അതിനാല്‍ ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒമ്പത് ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ആരംഭിച്ചു. വ്യാപനതോത് പ്രതീക്ഷിച്ച നിലയില്‍ കുറഞ്ഞില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാധ്യതയുമുണ്ട്.

pathram:
Related Post
Leave a Comment