ഓക്‌സിജന്റെ അളവ് കുറയുന്നെന്ന തോന്നലാണ് മിക്കരോഗികള്‍ക്കും; മറ്റുസംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ പ്രശ്‌നം കോവിഡ് ബാധിതരെ മാനസിക സമ്മര്‍ദത്തിലാക്കുന്നു

തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിന് തീക്ഷ്ണതയും വ്യാപനശേഷിയും കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ ‘ശ്വാസംമുട്ടുന്ന’ രോഗികളുടെ എണ്ണവും ഏറുന്നു. ഇതോടെ, ഇതിന് പരിഹാരമുണ്ടാക്കാനുപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമവും, വിലയും കുത്തനെ കൂടി.

ഓക്‌സിജന്റെ അളവ് കുറയുന്നെന്ന തോന്നലാണ് മിക്കരോഗികള്‍ക്കുമുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മറ്റുസംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ കിട്ടാത്ത പ്രശ്‌നവും മരണവും സംബന്ധിച്ച വാര്‍ത്തകള്‍ കോവിഡ് ബാധിതരെ മാനസിക സമ്മര്‍ദത്തിലാക്കുന്നുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സമ്മര്‍ദമാണ് ശ്വാസംമുട്ടുന്നെന്ന തോന്നലിലേക്ക് അവരെ എത്തിക്കുന്നത്. കോവിഡ് രോഗം ശ്വാസപ്രശ്‌നങ്ങളുണ്ടാക്കുമെന്നത് വസ്തുതയാണെങ്കിലും ഉപകരണങ്ങള്‍ക്ക് നെട്ടോട്ടമോടാനുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

ശരീരത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കാനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, അത്യാവശ്യഘട്ടത്തില്‍ ഓക്‌സിജന്‍ നല്‍കാനുപയോഗിക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കാണ് ക്ഷാമവും വിലയും കൂടിയത്. 450 രൂപയും നികുതിയുമായിരുന്നു കോവിഡിന്റെ തുടക്കത്തില്‍ പള്‍സ് ഓക്‌സി മീറ്ററിനുണ്ടായിരുന്നത്. ഇതിനിപ്പോള്‍ 2000 രൂപയോളമായി.

30,000 രൂപ വിലയുള്ള ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന് ഇപ്പോള്‍ 60,000ന് മുകളിലാണ് വില. അതും കിട്ടാനില്ല. ഉപകരണങ്ങള്‍ക്ക് ആളുകള്‍ മുന്‍കൂര്‍ പണം നല്‍കി കാത്തിരിക്കുന്ന സ്ഥിതിയാണെന്ന് മെഡിക്കല്‍ ഉപകരണ വിതരണ കമ്പനിയായ സിംപ്ലക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍ പറഞ്ഞു.

ചൈനയില്‍നിന്നാണ് ഇത്തരം ഉപകരണങ്ങള്‍ ഏറെയും ഇറക്കുമതിചെയ്യുന്നത്. മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതിചെയ്യുന്ന കമ്പനികളുള്ളത്. ഇവിടങ്ങളില്‍ രോഗവ്യാപനം രൂക്ഷമായതോടെ ഉപകരണങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചതാണ് ക്ഷാമത്തിന് കാരണമെന്ന് കെമിക്കല്‍സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി ഉപകരണങ്ങളെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് കെമിക്കല്‍സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ ഡീലര്‍മാരോട് ആവശ്യപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് എ.എന്‍. മോഹനന്‍ പറഞ്ഞു.

pathram:
Related Post
Leave a Comment