കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൂത്തുക്കുടിയിലെ വിവാദമായ ഓക്‌സിജന്‍ പ്ലാന്റ് തുറക്കാന്‍ അനുമതി

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം കണക്കിലെടുത്ത് തൂത്തുക്കുടിയിലെ വിവാദമായ വേദാന്ത സ്റ്റര്‍ലൈറ്റ് ചെമ്പ് പ്ലാന്റ് തുറക്കാന്‍ അനുമതി. ചെമ്പ് പ്ലാന്റിലെ ഓക്‌സിജന്‍ പ്ലാന്റ് മാത്രം നാല് മാസത്തേക്ക് തുറന്നുപ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ഉപാധികളോടെ പ്ലാന്റ് പ്രവര്‍ത്തിക്കണമെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചില പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. അതേസമയം പ്ലാന്റ് തുറന്നാല്‍ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

1000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോവിഡ് സാഹചര്യത്തിലെ ഓക്‌സിജന്‍ ക്ഷാമം കണക്കിലെടുത്ത് പ്ലാന്റിന് പ്രവര്‍ത്തന അനുമതി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

പ്ലാന്റിനെതിരേ മലിനീകരണം ആരോപിച്ച് പ്രതിഷേധിച്ച പ്രദേശവാസികള്‍ക്കെതിരായ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2018ലാണ് സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയിരുന്നത്.

pathram:
Related Post
Leave a Comment