സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല; വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും…സര്‍വകക്ഷിയോഗതീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം. വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും.
കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂവും തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ ജില്ലാ ഭരണകൂടത്തിന് ഏതുതരത്തിലുളള നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് തീരുമാനിക്കാം.

നിലവില്‍ ഉളള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് യോഗത്തില്‍ തീരുമാനമായത്.
ലോക്ഡൗണിലേക്ക് പോകുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കും എന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. ഇതുപരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍വകക്ഷിയോഗം എത്തിയത്.

ആരാധനായലയങ്ങള്‍ സംബന്ധിച്ചും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകള്‍ക്ക് പ്രവേശിക്കാംകളക്ടര്‍മാര്‍ സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്നും സര്‍വകക്ഷിയോഗത്തില്‍ നിര്‍ദേശമുണ്ട്. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം കളക്ടര്‍മാര്‍ മതനേതാക്കളെ അറിയിക്കണം.

pathram:
Leave a Comment