മഞ്ജു വാരിയർ നായികയായി എത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചതുർമുഖം സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കുന്നു. കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു തീരുമാനവുമായി മുന്നോട്ടുവന്നത്. കുടുംബപ്രേക്ഷകരുടെ കൂടി അഭ്യർഥന മാനിച്ച് സ്ഥിതിഗതികൾ നിയന്ത്രണമാകുന്ന സാഹചര്യത്തിൽ ചിത്രം റി–റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചു.
പ്രിയപ്പെട്ടവരേ, ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം മഞ്ജുവാര്യര്‍…
മഞ്ജു വാരിയർ, സണ്ണി വെയ്ൻ, അലന്‍സിയർ എന്നിവരാണ് പ്രധാന താരങ്ങൾ. ഈ മൂന്നു മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. അതൊരു മൊബൈൽ ഫോൺ ആണ്.നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിര ചിത്രത്തിൽ അണിനിരക്കുന്നു.
അഞ്ചര കോടി മുതല്‍മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും പ്രാധാന്യം നല്‍കി കൊണ്ട് നിർമിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്‌ഷന്‍ സീക്വന്‍സുകളാണ്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്‌ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വാല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.
Leave a Comment