രണ്ടാം കോവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുന്ന ഇന്ത്യയിൽ നിലവിൽ ഏറ്റവും പ്രബലമായത് ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസാണെന്ന് പഠനം. ആഗോള ഡേറ്റാബേസിലേക്ക് ഇന്ത്യൻ ശാസ്ത്രജ്ഞർ സമർപ്പിച്ച ജനിതക സീക്വൻസിങ് ഡേറ്റയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകുന്നത്.
മഹാരാഷ്ട്രയിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ 60-80 % ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദമാണ്. സമാനമായ സ്ഥിതിയാണ് ഗുജറാത്തിലെ സാംപിളുകൾക്കും. മറ്റിടങ്ങളിൽ ഇത് 10 മുതൽ 20 ശതമാനം വരെയാണ്. 2020 ഡിസംബറിൽ കോവിഡ് ചിത്രത്തിലെ ഉണ്ടായിരുന്നില്ലാത്ത ഇരട്ട വകഭേദം വളരെ വേഗമാണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു.
ഇന്ത്യയുടെ പശ്ചിമ മേഖലയിൽ; പ്രധാനമായും മഹാരാഷ്ട്രയിലും ഗുജറാത്തിലും ആണ് B.1.617 വകഭേദം വ്യാപകം. B.1.1.7 എന്ന യുകെ വകഭേദമാകട്ടെ പഞ്ചാബ് ഉൾപ്പെടെയുള്ള വടക്കൻ സംസ്ഥാനങ്ങളിലാണ് പ്രബലം. ദക്ഷിണേന്ത്യയിൽ ആകട്ടെ N440K എന്ന കോവിഡ് വകഭേദവും പ്രബലമാണ്. എന്നാൽ ഇത് താൽക്കാലികമാണെന്നും ഇരട്ട വകഭേദമോ യുകെ വകഭേദമോ ദക്ഷിണേന്ത്യയിൽ വൈകാതെ പ്രബലമാകുമെന്നും അനുരാഗ് അഗർവാൾ ചൂണ്ടിക്കാട്ടി.
എന്നാൽ കിഴക്കൻ ഇന്ത്യയിൽ ഏതെങ്കിലും പ്രത്യേക വകഭേദത്തിന് പ്രാമുഖ്യം ഉണ്ടെന്ന് പറയാനാവില്ല. അതേസമയം ബംഗ്ലാദേശിലെ 80% കേസുകൾക്കും കാരണമായ ദക്ഷിണാഫ്രിക്കൻ വകഭേദം അതിർത്തി കടന്ന് ഈ മേഖലകളിൽ പടരാനുള്ള സാധ്യത ഗവേഷകർ തള്ളിക്കളയുന്നില്ല.
Leave a Comment