വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെന്‍ഷന്‍ വിതരണം; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

കായംകുളം: കായംകുളത്ത് വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെൻഷനും വിതരണം ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. വിശദീകരണം ലഭിച്ച ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വ്യക്തമാക്കി.

ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിക്കൊപ്പം ബിഎൽഒ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

കായംകുളത്തെ സംഭവത്തിൽ സൊസൈറ്റിയിൽ നിന്ന് പെൻഷൻ വിതരണത്തിന് എത്തിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുക മാത്രമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ഉണ്ടായിരുന്നില്ല. എന്നാൽ അവരോടിപ്പോൾ സംഭവത്തിൽ വിശദീകരണം ആരാഞ്ഞിരിക്കുകയാണ്. വിശദീകരണം ലഭിച്ച ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന കളക്ടർ വ്യക്തമാക്കി.

ഹരിപ്പാട് മണ്ഡലത്തിലെ തൃക്കുന്നപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല പ്രചാരണത്തിന് എത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ബിഎൽഒയും പ്രചാരണ പരിപാടിയിൽ പങ്കെടുത്തുവെന്ന് പരാതിയുണ്ട്. ഈ പരാതിയുമായി ബന്ധപ്പെട്ട വീഡിയോയും കളക്ടർക്ക് ലഭിച്ചിട്ടുണ്ട്. ഈ വീഡിയോയും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment