എല്‍ഡിഎഫിനെതിരെ പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നു, വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ പ്രചരിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിന്റെ പ്രതിഫലനമാണ് കേരളത്തലുടനീളമുള്ള എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘ആരോപണങ്ങള്‍ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ എന്നിവ ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നു. സംഘപരിവാറിന്റെ കൈപിടിച്ച് കേന്ദ്രഏജന്‍സികളുടെ അകമ്പടിയോടെ കേരളത്തിലെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറിങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തിന് റോള്‍ തന്നെ ഇല്ലാതാവും’, മുഖ്യമന്ത്രി പറഞ്ഞു.

‘യുഡിഎഫിന്റ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാരിന്റെ വികസനം അട്ടിമറിക്കുന്നതിന്റ ഭാഗമായാണ് കിഫ്ബിക്കെതിരേ ഒന്നിനു പുറകെ ഒന്നായി അന്വേഷണ ഏജന്‍സികളെ ഇറക്കുന്നത്. ഏറ്റവും ഒടുവില്‍ ആദായനികുതി വകുപ്പിനെയാണ് ഇറക്കിയത്’. നാട്ടിലെ സ്‌കൂളുകള്‍, റോഡുകള്‍, ആശുപത്രികള്‍, പാലങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസനം വേണ്ടേ എന്നും ജനവിധി വികസന വിരോധികള്‍ക്കുള്ള കൃത്യമായ മറുപടിയായിരിക്കുമെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിനെ ബിജെപിയും യുഡിഎഫും ഒന്നിച്ചാണ് നേരിടുന്നത്. അവര്‍ തമ്മിലുള്ള ഐക്യം ഇപ്പോള്‍ തുടങ്ങിയതല്ലെന്നും പിണറായി പറഞ്ഞു.

സിഖുകൂട്ടക്കൊലയും ഗുജറാത്ത് വംശഹത്യയും ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി സംസാരിച്ചു.

‘രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം രണ്ട് വംശ ഹത്യകളാണ് നടന്നത്. 1984ല്‍ സിക്കുകാരെ കൂട്ടക്കൊലചെയ്ത സംഭവം. അത് കോണ്‍ഗ്രസ് നേതൃത്വത്തിലായിരുന്നു. 2002 ല്‍ ഗുജറാത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും ഇവര്‍ മുക്തരായിട്ടില്ല’. അങ്ങനെയുള്ളവര്‍ കേരളത്തില്‍ വന്ന് ആക്രമണത്തെ കുറിച്ച് പറയുകയാണെന്നും പിണറായി പരിഹസിച്ചു.

തദ്ദേശ തിരഞ്ഞടുപ്പിന് മുന്നോടിയായി മൂന്ന് നാലം മാസം കൊണ്ടാണ് ആറ് കമ്മ്യൂണിസ്റ്റുകാരെ കൊന്നു തള്ളിയത്. ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവതരിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് സ്വന്തം മുഖം കണ്ണാടിയില്‍ നോക്കികാണുന്നത് നല്ലതാണെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷ നേതൃത്വത്തിലുള്ളവരെയും കുടുംബാംഗങ്ങളെയും നീചമായി കടന്നാക്രമിക്കുകയാണ്. ഇതിന് അഖിലേന്ത്യാ നേതാക്കളെ പോലും ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തയ്യാറാവുന്നത്. യൂദാസിന്റെയും യേശുവിന്റെയും പേര് പറഞ്ഞ് ആരെയെങ്കിലുമൊക്കെ ആകര്‍ഷിക്കാന്‍ പറ്റുമോ എന്ന വ്യാമോഹിക്കുന്നവരുമുണ്ട്. ഇതേ ആളുകളാണ് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ യാത്രചെയ്യാന്‍ പറ്റാത്തവണ്ണം െ്രെകസ്തവരെ ആക്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.

ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നു തള്ളിയത് ആരും മറന്നിട്ടില്ല. കാണ്ഡമാലും മറന്നിട്ടില്ല. അതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കേന്ദ്ര ഭരണത്തില്‍ സഥാനമാനം നല്‍കിയതും മറക്കാന്‍ കഴിയുന്നതല്ലെന്നും പിണറായി പറഞ്ഞു
കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകും

pathram:
Related Post
Leave a Comment