കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകും

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ അത്ര താല്‍പര്യമില്ലെന്ന് നടനും മുന്‍എംപിയുമായ ഇന്നസെന്റ്. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’

‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല. അപ്പോള്‍ മുഖ്യമന്ത്രി മാറി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നായി, അതും മാറി വിജയന്‍ എന്നാക്കി. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എത്രയോ നാളുകളായി അവര്‍ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാല്‍ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാന്‍ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യില്‍ ഏല്‍പിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.’

‘ഞാന്‍ എംപിയായി, പാര്‍ലമെന്റില്‍ പോയി. എട്ടാം ക്ലാസിലും ഏഴാം ക്ലാസിലും മൂന്ന് കൊല്ലം തോറ്റ ആള് പാര്‍ലമെന്റില്‍ ചെല്ലുന്നു. എന്റെ വിചാരം ഏറ്റവും കുറവ് വിദ്യാഭ്യാസം ഉള്ള ആള്‍ ഞാനാണെന്നാണ്. അവിടെ െചന്നപ്പോഴാണ് മനസിലായത്, എന്നേക്കാള്‍ ബുദ്ധിയില്ലാത്തവരാണ് അവിെട കൂടുതല്‍. എന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് അവിടെയുള്ളവര്‍ എന്നോടു പറഞ്ഞു. റാം ജി റാവു സിനിമയൊക്കെ അവര്‍ക്കറിയാം.’

‘മുകേഷിനെ എല്ലാവരും വിജയിപ്പിക്കണം. അങ്ങനെ േകരളത്തിലൊരു തുടര്‍ഭരണം ഉണ്ടാകണം. ആ തുടര്‍ഭരണത്തിലൂടെ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും വരും.’–ഇന്നസെന്റ് പറഞ്ഞു.

pathram:
Leave a Comment