കെ. സുരേന്ദ്രന്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നത് കേന്ദ്രം പറഞ്ഞിട്ട്; ബാലശങ്കറിന് സീറ്റ് നിഷേധിച്ചതും കേന്ദ്രം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നതും ചെങ്ങന്നൂരില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന് സീറ്റ് നിഷേധിച്ചതും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ബിജെപിയ്ക്ക് ആരുമായും ധാരണയില്ലെന്നും ബാലശങ്കറിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് നേതൃത്വം ആയിരുന്നെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തിന്റെ ചുമതലയുള്ളയാളാണ് പ്രഹല്‍ദ് ജോഷി. ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജയസാധ്യതയുള്ള രണ്ടു സീറ്റുകളില്‍ കെ. സുരേന്ദ്രനെ മത്സരിപ്പിച്ചത് ഒരു നേതാവെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയായിരുന്നു. സുരേന്ദ്രന്‍ പ്രചരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത് പോലും കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ്.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാന നേതൃത്വത്തിന് ആരേയും ഒഴിവാക്കാനാകില്ല. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ബിജെപിയ്ക്ക് എതിരേ ആര്‍. ബാലശങ്കര്‍ അസംബന്ധം പ്രചരിപ്പിക്കരുതായിരുന്നു. കേന്ദ്രനേതൃത്വം അറിയാതെ സംസ്ഥാന നേതൃത്വത്തിന് ഒരു തീരുമാനം എടുക്കാനാകില്ല. ബാലശങ്കറിനെ പോലെ കേന്ദ്രമന്ത്രി വി. മുരളീധരനെ മത്സരിപ്പിക്കേണ്ടതില്ലെന്നും കേന്ദ്രം തീരുമാനിച്ചിരുന്നു. കഴക്കൂട്ടം ബിജെപി ഏറെ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണെന്നും പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും പറഞ്ഞു.

pathram:
Related Post
Leave a Comment