ഇരട്ടവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ടര്‍ പട്ടിക പരിശോധിക്കാത്തതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിമര്‍ശനം. ഇരട്ടവോട്ടു സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു മുന്‍പാകെ പരാതിയെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ പരിശോധന നടത്തിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍തന്നെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതായും ടിക്കാറാം മീണ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍ പട്ടിക കൃത്യമായി പരിശോധിക്കുന്നില്ല. ബൂത്ത് തലം മുതല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണം. പല വോട്ടര്‍മാര്‍ക്കും ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വോട്ടര്‍ക്ക് അഞ്ചു തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ച ഉദ്യോഗസ്ഥനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കും. അച്ചടക്ക നടപടിയുടെ ഭാഗമാണ് സസ്‌പെന്‍ഷനെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

അഭിപ്രായ സര്‍വ്വേകള്‍ തടയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ല. കാരണം നിലവില്‍ അതിന് നിയമം ഇല്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടു നടക്കുന്നതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്. പ്രാധമികാന്വേഷണത്തില്‍തന്നെ വിവിധ ജില്ലകളില്‍ ഇരട്ടവോട്ട് കണ്ടെത്തിയതോടെ സൂക്ഷമമായി അന്വേഷണം നടത്തും. ഇരട്ടവോട്ടുകള്‍ പരിശോധിക്കാന്‍ ബി.പി.എല്‍.ഒ.മാര്‍ക്കു നിര്‍ദ്ധേശം നല്‍കുമെന്നും ടിക്കാറാം മീണ അറിയിച്ചു.

ആരോപണം ശരിയാണെന്നു തെളിഞ്ഞതിലൂടെ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുകയാണു ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഓരോ മണ്ഡലത്തിലേയും കള്ള വോട്ടര്‍മാരെ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

pathram:
Leave a Comment