ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമാക്കും; സ്വര്‍ണ-ഡോളര്‍ക്കടത്തുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്: അമിത് ഷാ

ബിജെപിയുടെ വിജയ് യാത്രയുടെ സമാപന വേദിയിൽ എൽഡിഎഫും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് അഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണക്കടത്തിലും ഡോളര്‍ തട്ടിപ്പിലും നേതൃത്വം കൊടുത്ത പ്രധാനികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കേരളത്തിൽ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളിൽ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിൽ എത്തിയാൽ ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യപ്രകാരമായിരിക്കുമെന്ന് പറഞ്ഞ അമിത് ഷാ രാജ്യത്ത് അനവധി വികസന പദ്ധതികൾ പൂര്‍ത്തീകരിച്ച ഇ.ശ്രീധരനെ പോലെയൊരാൾ ബിജെപിയിലേക്ക് കടന്നു വന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

ദേശീയ പാതാ വികസനം, വൈദ്യുതി ഗ്രിഡ്, കൊച്ചി മെട്രോ, അമൃത് പദ്ധതി, കൊച്ചി പെട്രോ കെമിക്കൽസ് തുടങ്ങി കേരളത്തിലെ വിവിധ പദ്ധതികൾക്ക് കേന്ദ്രം നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞ അമിത് ഷാ വിവിധ പദ്ധതികളിലൂടെ 1.56 ലക്ഷം കോടി കേരളത്തിൻ്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ചെന്നും അവകാശപ്പെട്ടു. പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ കേരളത്തിനായി എന്തു ചെയ്തുവെന്ന് ഉമ്മൻ ചാണ്ടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു.

അമിത് ഷായുടെ വാക്കുകൾ –

ഒരു കാലത്ത് വികസനത്തിൻ്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിന്ന കേരളം എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് നശിപ്പിച്ചു. രാഷ്ട്രീയ അക്രമങ്ങളുടെ വേദിയായി അവര്‍ കേരളത്തെ മാറ്റി. എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ ആരോഗ്യകരമായ ബന്ധമാണ് പുലര്‍ത്തുന്നത്. യുഡിഎഫ് വന്നാൽ സോളാര്‍ തട്ടിപ്പും, എൽഡിഎഫ് വന്നാൽ ഡോളര്‍ കടത്തും നടക്കുന്ന അവസ്ഥയാണ്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ആരുടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ, ആ പ്രതിക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് നിങ്ങളുടെ പ്രിൻസിപ്പൾ സെക്രട്ടറി സര്‍ക്കാരിൽ ഉന്നതപദവി നൽകിയില്ലേ ?, നിങ്ങളും പ്രിൻസിപ്പൾ സെക്രട്ടറിയും സര്‍ക്കാര്‍ ചെലവിൽ ഈ പ്രതിയായ സ്ത്രീയെ വിദേശത്ത് കൊണ്ടു പോയില്ലേ, ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദര്‍ശകയല്ലേ, വിമാനത്താവളത്തിലെ കള്ളക്കടത്ത് പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിന് മേൽ സമ്മര്‍ദ്ദം ചെലുത്തിയില്ലേ, ഈ വിഷയത്തിൽ ഇഡിയും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ ഇതൊക്കെ പുറത്തു വന്നില്ലേ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ സംശയാസ്പദമായ ഒരു മരണത്തെക്കുറിച്ച് നിങ്ങൾ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ്?

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയണം. ഈ രണ്ട് മുന്നണികളുടേയും ആശങ്ക ഈ നാടിനെക്കുറിച്ചല്ല അവരുടെ വോട്ടുബാങ്കിനെ കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളായ എസ്ഡിപിയുമായും മറ്റും സഖ്യത്തിലാണ്. കോണ്‍ഗ്രസ് മുസ്ലീം ലീഗുമായി സഖ്യത്തിലാണ്. ഇവിടെ കോണ്‍ഗ്രസ് സിപിഎമ്മിനെതിരാണ്. എന്നാൽ ബംഗാളിൽ ചെന്നാൽ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ബംഗാളിൽ ഷെരീഫിൻ്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. മഹാരാഷ്ട്രയിൽ ചെന്നാൽ ഇവര്‍ ശിവസേനക്കാരുമായി സഖ്യത്തിലാണ്. എന്താണ് നിങ്ങളുടെ നയം. എന്താണ് നിങ്ങളുടെ രാഷ്ട്രീയദിശ.

അയ്യപ്പ ഭക്തര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായപ്പോൾ ഇവിടെ കോണ്‍ഗ്രസ് മൗനത്തിലായിരുന്നു. ബിജെപിയുടെ ഉറച്ച അഭിപ്രായം ശബരിമല ക്ഷേത്രം അയ്യപ്പഭക്തരുടെ നിയന്ത്രണത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നാണ്. അല്ലാതെ സര്‍ക്കാരിൻ്റെ നിയന്ത്രണത്തിൽ അല്ല.

ഇ.ശ്രീധരൻ ദില്ലി മെട്രോ രൂപകൽപ്പന ചെയ്ത് സമയബന്ധിതമായി നിര്‍മ്മിച്ച് ലോകത്തിന് മുന്നിൽ സമര്‍പ്പിച്ചതിനാലാണ് അദ്ദേഹത്തെ മെട്രോ മാൻ എന്ന് വിളിക്കുന്നത്. എന്നാൽ ലോകത്തിന് മുന്നിൽ വയ്ക്കാൻ സാധിക്കുന്ന അത്ഭുതമാണ് ശ്രീധരൻ്റെ നേതൃത്വത്തിൽ നിര്‍മ്മിക്കപ്പെട്ട കൊങ്കണ്‍ റെയിൽവേ. ഈ റെയിൽവേ ലൈൻ വഴിയാണ് ദക്ഷിണകേരളത്തിലേക്ക് കേരളത്തിൻ്റെ ഇതരഭാഗങ്ങളിൽനിന്നും എളുപ്പമെത്താൻ സാധിക്കുന്നത്.

എനിക്ക് 56 വയസായി രാഷ്ട്രീയം മതിയാക്കേണ്ട സമയമായെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ഈ പ്രായത്തിലും ശ്രീധരൻ്റെ ഉത്സാഹവും നാടിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശവും കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഈ നാട്ടിൽ പശ്ചാത്തല സൗകര്യവികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ നടപ്പാക്കിയ ഈ ശ്രീധരൻ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാൻ തീരുമാനിക്കുന്നത് വലിയ അംഗീകാരമാണ്.

നമ്മുടെ അതിര്‍ത്തികൾ സുരക്ഷിതമായിരിക്കാൻ ഈ സര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുന്നു. സാമ്പത്തികരംഗത്ത് സുതാര്യത കൊണ്ടു വരാൻ ഈ സര്‍ക്കാരിനായി. രാജ്യത്തെ 13 കോടി നിര്‍ധന വീട്ടമ്മമാരുടെ വീട്ടിൽ ഈ സര്‍ക്കാര്‍ എൽപിജി കണക്ഷൻ നൽകി. ഭവനരഹിതരായ രണ്ടരക്കോടി ആളുകൾക്ക് വീട് നൽകാനും അവിടെയെല്ലാം വൈദ്യുതി എത്തിക്കാനും ഈ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ആത്മനിര്‍ഭര്‍ ഭാരത് എന്ന നയം പ്രഖ്യാപിച്ച് അഞ്ച് ട്രില്യണ്‍ സമ്പദ് ഘടനയായി ഇന്ത്യയെ മാറ്റുകയാണ് ബിജെപിയുടേയും മോദിയുടേയും ലക്ഷ്യം. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി നരേന്ദ്രമോദി ഇന്ത്യയെ മാറ്റി. ഇന്നിപ്പോൾ ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ പദ്ധതി ഇന്ത്യയിൽ വിജയകരമായി പുരോഗമിക്കുകയാണ്. എന്നാൽ കൊവിഡിൻ്റെ കാര്യത്തിൽ കേരളത്തിലേക്ക് വന്നാൽ സ്ഥിതി ഗുരുതരമാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ നാൽപ്പത് ശതമാനവും ഇന്ന് കേരളത്തിലാണ്. പ്രളയത്തിൽ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാൻ കേരള സര്‍ക്കാരിനായില്ല.

പ്രളയത്തിൽ തകര്‍ന്ന കേരളത്തെ രക്ഷിക്കാനോ അതിൽ മരിച്ച അഞ്ഞൂറ് പേരെ രക്ഷിക്കാനോ അല്ല സ്വന്തം ആൾക്കാരുടെ സ്വര്‍ണത്തട്ടിപ്പും ഡോളര്‍ തട്ടിപ്പുകാരേയും സംരക്ഷിക്കാനുള്ള തിടുക്കത്തിലായിരുന്നു അവര്‍. കേരളത്തിൽ നടന്ന പല അഴിമതികളുടേയും തെളിവുകൾ എൻ്റെ കൈയിലുണ്ട് അതെല്ലാം ഉന്നയിച്ച് മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

pathram desk 2:
Related Post
Leave a Comment