കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു

സംഘടന തെരഞ്ഞെടുപ്പ് നടത്തിയതിന് തന്നെ ക്രൂശിച്ചു എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പിന്നാലെ കോൺഗ്രസിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു.സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എതിർപ്പുയർത്തിയ നേതാക്കൾ നേതൃത്വത്തിന് വീണ്ടും കത്തു നൽകാൻ ഒരുങ്ങുന്നു.

സംഘടന തെരഞ്ഞെടുപ്പ് നിർബന്ധമായും നടക്കണമെന്ന് കാർത്തി ചിദംബരം ആവശ്യപ്പെട്ടു.പാർട്ടിയിൽ ജനാധിപത്യമില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം ശക്തമായ എതിർപ്പ് തുടരുമ്പോഴാണ് രാഹുൽ ഗാന്ധി ഇന്നലെ ആഞ്ഞടിച്ചത്.

യൂത്ത് കോൺഗ്രസിലും എൻഎസ്‍യുവിലും തെരഞ്ഞെടുപ്പ് നടത്തിയപ്പോഴുള്ള എതിർപ്പാണ് രാഹുൽ പരാമർശിക്കുന്നതെങ്കിലും മുതിർന്ന നേതാക്കൾ ഇത് തടയാൻ നടത്തിയ ശ്രമമാണ് രാഹുൽ പരാമർശിക്കുന്നത്. പാർട്ടിയിലെ പുതിയ നേതാക്കളെ ഉയർത്തിക്കൊണ്ടു വരുന്നതിനാണ് ഗുലാംനബിയുടെ നേതൃത്വത്തിലുള്ള സംഘം കലാപം ഉയർത്തുന്നത് എന്ന സന്ദേശവും.

സ്വന്തം അടുപ്പക്കാരെ വച്ച് സംഘടന തെരഞ്ഞെടുപ്പ് നടത്തുന്ന രാഹുൽ നടപടികൾ സുതാര്യമാക്കുകയാണ് വേണ്ടതെന്ന് എതിർപക്ഷം തിരിച്ചടിച്ചു. ഇന്നത്തെ നിലയിൽ സംഘടന തെരഞ്ഞെടുപ്പ് സുതാര്യമാകില്ല എന്ന വിമർശനവും. അദ്ധ്യക്ഷ പദവിയിലേക്കും പ്രവർത്തകസമിതിയിലേക്കും മത്സരം നടത്താനും പല സംസ്ഥാന ഘടകങ്ങളിലും രണ്ട് ചേരിയുണ്ടാക്കാനുമാണ് 23 നേതാക്കളുടെ സംഘത്തിന്‍റെ ശ്രമം.

സോണിയഗാന്ധിക്ക് ഒരു കത്ത് കൂടി നല്കി നീക്കം സജീവമാക്കും. സംഘടന തെരഞ്ഞെടുപ്പ് നിർബന്ധമായും വേണമെന്ന് കാർത്തി ചിദംബരം പറഞ്ഞത് പി ചിദംബരത്തിൻറെ നിലപാടിൻറെ സൂചനയായി. പാർട്ടിയിൽ ഭിന്നത ശരിയല്ലെന്നും കാർത്തി ചിദംബരം പ്രതികരിച്ചു.

ബംഗാളിൽ ഐഎസ്എഫുമായുള്ള സഖ്യത്തിൻ്റെ കാര്യത്തിൽ അധിർരഞ്ജൻ ചൗധരി പറഞ്ഞതാണ് നിലപാടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്തെ എതിർശബ്ദത്തിൽ ബാഹ്യ ഇടപെടലാണ് രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാക്കൾ സംശയിക്കുന്നത്.

pathram desk 2:
Leave a Comment