സ്വര്‍ണമാണെന്ന് അറിഞ്ഞത് വിമാനത്തില്‍ വച്ച്; പൊതി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു; ബിന്ദുവിന്റെ വെളിപ്പെടുത്തല്‍

ദുബായില്‍നിന്ന് നല്‍കിയ പൊതിയില്‍ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത് വിമാനത്തിനുള്ളില്‍വെച്ചാണെന്നും ഇതോടെ ഭയന്നുപോയ താന്‍ പൊതി മാല ദ്വീപിലെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും ബിന്ദു. ഹനീഫ എന്നയാളാണ് ദുബായില്‍വെച്ച് പൊതി നല്‍കിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ് പൊതിയില്‍ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചുപറഞ്ഞത്. ഇതോടെ ഭയന്നുപോയ താന്‍ മാല ദ്വീപില്‍ ഇറങ്ങിയപ്പോള്‍ സ്വര്‍ണമടങ്ങിയ പൊതി അവിടെ ഉപേക്ഷിച്ചെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പത്തിരുപത് പേരുണ്ടായിരുന്നു. വീട് തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് തട്ടിക്കൊണ്ടു പോയതെന്നും ബിന്ദു പറഞ്ഞു. ഹനീഫയുടെ ബന്ധുക്കളായ ഹാരിസ്, ശിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും കാറില്‍വെച്ച് ഇവര്‍ ഉപദ്രവിച്ചെന്നും ബിന്ദു വെളിപ്പെടുത്തി.

ഫെബ്രുവരി 19-നാണ് ദുബായില്‍നിന്ന് മാല ദ്വീപ് വഴി ബിന്ദു കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഹനീഫ എന്നയാളാണ് യുവതിക്ക് ദുബായിലേക്കുള്ള വിസിറ്റിങ് വിസ സംഘടിപ്പിച്ചു നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന്‌ സ്ഥിരീകരിച്ചതോടെ കസ്റ്റംസും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ബിന്ദുവിന്റെ വീട്ടിലുമെത്തി. എന്നാല്‍ ബിന്ദു ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇവരെ ചോദ്യംചെയ്യാനായില്ല.

ആരോഗ്യനില മോശമായതിനാല്‍ ബിന്ദുവിനെ ഇപ്പോള്‍ ചോദ്യംചെയ്യാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ ചോദ്യം ചെയ്യലില്‍നിന്ന് കസ്റ്റംസ് സംഘം പിന്‍വാങ്ങി. ആരോഗ്യനില മെച്ചപ്പെട്ടാല്‍ യുവതിയെ സമന്‍സ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

pathram:
Leave a Comment