സ്വര്‍ണക്കടത്ത്: യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാന്‍ കസ്റ്റംസ്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാന്നാര്‍ സ്‌റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്.

ദുബൈയില്‍ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചുകൊടുത്ത മാന്നാര്‍ സ്വദേശി പീറ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ട് പോയതിന് പിന്നില്‍ പൊന്നാനി സ്വദേശികളായ നാല് പേരാണ് എന്നാണ് സൂചന.

കൊടുവള്ളി സ്വദേശി ഹനീഫക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയത്. പൊന്നാനി സ്വദേശി രാജേഷിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. സംഭവത്തിന്റെ തലേ ദിവസം രാജേഷ് ബിന്ദുവിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷ് നിലവില്‍ ഒളിവിലാണ്.

അതേസമയം താന്‍ വിദേശത്ത് നിന്ന് പല തവണ സ്വര്‍ണം നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് ബിന്ദു പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ എട്ട് മാസത്തിനിടെ മൂന്ന് തവണ കേരളത്തിലേക്ക് സ്വര്‍ണം എത്തിച്ചു. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഒടുവില്‍ കടത്തിയ ഒന്നര കിലോ സ്വര്‍ണം ബിന്ദു സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറാത്തതാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

pathram:
Related Post
Leave a Comment