കര്‍ണാടകയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തില്‍ വൈറസ് ബാധ തുടരുന്ന പശ്ചാത്തലത്തിലാണിത്. പുതിയ മാര്‍ഗനിര്‍ദേശം അടിയന്തരമായി പ്രാബല്യത്തില്‍ വന്നു.

കേരളത്തില്‍ നിന്ന് വന്ന് കര്‍ണാടകയില്‍ താമസിക്കാന്‍ ഇനി മുതല്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹോസ്റ്റലുകളിലും കോളെജുകളിലും ബന്ധുക്കള്‍ അടക്കമുള്ള സന്ദര്‍ശകര്‍ക്ക് നോഡല്‍ ഓഫീസറുടെ അനുമതിയോടെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഓരോ തവണ കേരളത്തില്‍ നിന്നു വരുമ്പോഴും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.

രണ്ടാഴ്ചക്കിടെ കേരളത്തില്‍ നിന്ന് എത്തിയവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം. ഹോസ്റ്റലുകളിലും ക്ലാസുകളിലും കുട്ടികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തണം. കേരളത്തില്‍ നിന്നു വന്നവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ പരിശോധനകള്‍ കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും മാര്‍ഗനിര്‍ദേശമുണ്ട്.

pathram desk 2:
Related Post
Leave a Comment