ഉത്തരാഖണ്ഡിലെ തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചിലില്‍ അകപ്പെട്ടവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിനവും തുടരുന്നു. മുപ്പതിലേറെപേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് കരുതപ്പെടുന്ന തപോവന്‍ തുരങ്കത്തിലാണ് പ്രധാനമായും രക്ഷാദൗത്യം കേന്ദ്രീകരിക്കുന്നത്.

തുരങ്കത്തിലെ മണ്ണും സിമന്റും നീക്കംചെയ്യുന്ന ദൗത്യവുമായി രക്ഷാസേനകള്‍ മുന്നോട്ടുപോകുകയാണ്. തൊഴിലാളികള്‍ മറ്റേതെങ്കിലും തുരങ്കത്തില്‍ കുടുങ്ങിക്കിടപ്പുണ്ടാവാമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ജോലി നടന്നു കൊണ്ടിരുന്ന 12 മീറ്റര്‍ താഴെയുള്ള ഫില്‍റ്ററേഷന്‍ തുരങ്കത്തിലേക്കും തെരച്ചില്‍ നടത്തുന്നുണ്ട്.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിന് ദുരന്ത സ്ഥലത്ത് ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നു. കാണാതായവരുടെ ഫോട്ടോകള്‍ ഹെല്‍പ്പ് ഡെസ്‌കുമായി പങ്കുവെയ്ക്കാമെന്ന് അറിയിപ്പുണ്ട്. ഇതുവരെ 32 മൃതദേഹങ്ങള്‍ മേഖലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment