ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെടുത്തത് പതിനാല് മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തിന് ഇരയായവരെ കണ്ടെത്തുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെ പതിനാല് മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഇരുപത്തിയഞ്ചുപേരെ രക്ഷപെടുത്തി. നൂറു കണക്കിനുപേരെപറ്റി ഇനിയും യാതൊരു വിവരവുമില്ല.

സൈന്യത്തിനൊപ്പം ഐടിബിപി (ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്), എന്‍ഡിആര്‍എഫ് (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്), എസ്ഡിആര്‍എഫ് (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്) തുടങ്ങിയവയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വ്യോമസേനയുടെയും ഡിആര്‍ഡിഒയുടെയും പ്രത്യേക സംഘങ്ങള്‍ ദുരന്ത സ്ഥലത്ത് നിരീക്ഷണം നടത്തുകയാണ്. അതിനിടെ, മന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു.

ഞായറാഴ്ച രാവിലെയാണ് ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് പ്രളയമുണ്ടായത്. ദുരന്തത്തില്‍പ്പെട്ടവരില്‍ അധികവും ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്നവരാണ്. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ മുങ്ങിപ്പോയി. തപോവന്‍ ജലവൈദ്യുതി നിലയം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. ഋഷിഗംഗ വൈദ്യുത പദ്ധതി നശിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.

pathram desk 2:
Related Post
Leave a Comment