പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു; വിവാദത്തില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: തുര്‍ക്കിപ്പള്ളി വിവാദത്തില്‍ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. മലപ്പുറത്ത് എംഎസ്എഫിന്റെ സമ്മേളനത്തില്‍ ഞാന്‍ നടത്തിയ പ്രസംഗം സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തെറ്റിദ്ധാരണാജനകമാകാന്‍ ഇടനല്‍കുന്ന രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നു. ആര്‍എസ്എസിന്റെയും സി.പി.എമ്മിന്റെയും ലോബിയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

താന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ക്രൈസ്തവ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ഗൂഢശ്രമമാണിത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്തും വര്‍ഗീയവത്കരിക്കാനുള്ള നീക്കം സമൂഹത്തിന് അപകടകരമായ സന്ദേശം ആണ് നല്‍കുന്നത്. തുര്‍ക്കി ഭരണാധികാരിയെ വെള്ളപൂശാനോ ന്യായീകരിക്കാനോ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ദേവാലയങ്ങളെ രൂപാന്തരപ്പെടുത്താനുള്ള നീക്കങ്ങള്‍ അപകടകരമായ പ്രത്യാഘാതം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് നമുക്കെല്ലാം നല്ല ബോധ്യമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പ്രസംഗം വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാനിടയായതില്‍ ഖേദിക്കുന്നു. ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

pathram desk 2:
Leave a Comment