മൃതദേഹം തോളിലേറ്റിയ വനിതാ എസ്‌ഐയ്ക്ക് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്

ശ്രീകാകുളം: മനുഷ്യത്വത്തിന്റെ ഒരുതരി വെട്ടം മതി ലോകം ഇരുളില്‍ നിന്ന് കരകയറാന്‍. കാരുണ്യവും സഹജീവിയോടുള്ള ബഹുമാനവും നിസ്വാര്‍ത്ഥസേവന മനോഭാവവും കൊണ്ട് ഏവര്‍ക്കും മാതൃകതീര്‍ത്ത ഒരു വനിതാ എസ്‌ഐ ഈ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുന്നു. ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടന്ന മൃതദേഹം തോളില്‍ ചുമന്ന കെ. ശ്രീഷയെന്ന പൊലീസുകാരിയാണ് കാക്കിയ്ക്കുള്ളിലെ ആ മനുഷ്യസ്‌നേഹി.

ആന്ധ്ര പ്രദേശിലെ ശ്രീകാകുളം കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് ശ്രീഷ. ശ്രീകാകുളത്തെ അദവി കൊത്തൂര്‍ ഗ്രാമത്തില്‍ അജ്ഞാത മൃതദേഹം വഴിയരികില്‍ കിടക്കുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശ്രീഷ സംഭവസ്ഥലത്തെത്തിയത്. യാചകനാണ് മരിച്ചതെന്നും ഇയാള്‍ അസുഖ ബാധിതനായിരുന്നുവെന്നും ശ്രീഷ മനസിലാക്കി.

മണിക്കൂറുകളോളം മൃതദേഹം ആരും തിരിഞ്ഞുനോക്കാതെ കിടന്നിരുന്നു. മൃതദേഹം മാന്യമായി സംസ്‌കരിക്കാന്‍ ഗ്രാമവാസികളോട് ശ്രീഷ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും എല്ലാപേരും മുഖംതിരിച്ചു. അതോടെ മൃതദേഹത്തെ ശ്രീഷ ചുമലില്‍ എടുത്തു. പിന്നീട് രണ്ടുപേര്‍ കൂടി ശ്രീഷയുടെ സഹായത്തിനെത്തി. രണ്ട് കിലോമീറ്ററോളം മൃതദേഹവും ചുമന്ന് ശ്രീഷ നടന്നു. മൃതദേഹവുമായി പൊലീസ് ഉദ്യോഗസ്ഥ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട നിരവധിപേര്‍ ശ്രീഷയ്ക്ക് അഭിനന്ദനവുമായെത്തിക്കഴിഞ്ഞു.

pathram desk 2:
Related Post
Leave a Comment