ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരാവാദികളെ കണ്ടെത്തുമെന്ന് നെതന്യാഹുവിന് മോദിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് കാരണക്കാരായവരെ പിടികൂടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. നെതന്യാഹുവുമായി ടെലഫോണില്‍ സംസാരിച്ച മോദി സ്‌ഫോടനത്തെ അപലപിച്ചു.

ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്ക് ഇന്ത്യ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മോദി നെതന്യാഹുവിനോട് പറഞ്ഞു. എന്തുവിലകൊടുത്തും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന് മോദി നെതന്യാഹുവിന് ഉറപ്പുനല്‍കി. ഇന്ത്യയിലെയും ഇസ്രയേലിലെയും കോവിഡ് വ്യാപനത്തിന്റെ നിലവിലെ അവസ്ഥയെപ്പറ്റിയും ഇരു നേതാക്കളും സംസാരിച്ചു. കോവിഡ് പ്രതിരോധത്തില്‍ എങ്ങനെ സഹകരണം വര്‍ദ്ധിപ്പിക്കാമെന്നത് സംബന്ധിച്ചും മോദിയും നെതന്യാഹുവും ആശയവിനിമയം നടത്തി.

ജനുവരി 29നാണ് ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് അടുത്ത് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് ഉല്‍ ഹിന്ദ് എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു.

pathram desk 2:
Related Post
Leave a Comment