കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ പുറത്തിറക്കാനാണ് ശ്രമമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. കോവിഡ് വാക്‌സിന്റെ പുതിയ പതിപ്പ് ജൂണില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം മുന്നോട്ടുപോകുകയാണ്. നവജാതശിശുക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ണമാക്കി. ഒക്ടോബറോടെ വിതരണം ചെയ്യാനാവുമെന്നാണ് കരുതുന്നതെന്ന് പി.സി. നമ്പ്യാര്‍ പറഞ്ഞു.
കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനിതകമാറ്റംവന്ന വൈറസുകളെയും കൊവിഷീല്‍ഡ് ചെറുക്കും. പ്രതിമാസം പത്ത് കോടി ഡോസ് വാക്‌സിനാണ് സിറം നിലവില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് 20 കോടിയിലേക്ക് വര്‍ദ്ധിപ്പിക്കും. കോവിഡ് വ്യാപനം കുറയാത്ത മേഖലകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വാക്‌സിന്‍ വിപണനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സിന്‍ സ്വീകരിച്ചാലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നതില്‍ അനാസ്ഥ കാട്ടരുത്. വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് വൈറസ് പിടിപെട്ടില്ലെങ്കിലും മറ്റുള്ളവരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. അങ്ങനെയായാല്‍ വാക്‌സിന്‍ എടുക്കാത്തവരെ രോഗം ബാധിക്കുമെന്നും നമ്പ്യാര്‍ കൂട്ടിച്ചേര്‍ത്തു.
Leave a Comment