ഫ്ലോറിഡ : ഫ്ലോറിഡയിൽ ഉല്ലാസ യാത്രയ്ക്കിടയിൽ ചെറുവിമാനം തകർന്നു വീണു പരുക്കേറ്റു ചികിത്സയിൽ ആയിരുന്ന ഫിസിയോ തെറപ്പിസ്റ്റ് പാമ്പാക്കുട പിറമാടം മേപ്പുറത്ത് (കിഴക്കേടത്ത്) ജോസഫ് ഐസക് (42) മരിച്ചു. കഴിഞ്ഞ ഡിസംബർ 17നു മക്കളായ ജോസ്‌ലിനും ജയ്സണും ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഇവരുടെ അയൽവാസിയായ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിൽ ഉള്ള വിമാനമാണ് അപകടത്തിൽ പെട്ടത്.
നാലു പേർക്കു സഞ്ചരിക്കാൻ കഴിയുന്ന വിമാനം പൊലീസ് ഉദ്യോഗസ്ഥനാണു നിയന്ത്രിച്ചിരുന്നതെന്നാണു വിവരം. വീടിനു സമീപത്തുള്ള മൈതാനത്തു നിന്നു പറന്നുയർന്ന വിമാനത്തിന്റെ എൻജിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. നിയന്ത്രണം വിട്ടു താഴെ വീണ വിമാനത്തിനു തീ പിടിച്ചതോടെ ജോസഫിനും മക്കൾക്കും സാരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനി വൈകിട്ടാണു ജോസഫ് മരണമടഞ്ഞത്.
മക്കൾ കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങിയിരുന്നു. ജോസഫ് കുടുംബ സമേതം 2006 മുതൽ ഫ്ലോറിഡയിലാണു താമസം. റിട്ട. ബിഡിഒ ഐസക്കിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ വടകര മഴുവഞ്ചേരിപറമ്പത്ത് സ്റ്റെല്ല ഫ്ലോറിഡയിൽ നഴ്സ് ആണ്. 2018ൽ ഇവർ നാട്ടിൽ എത്തിയിരുന്നു. ഏക സഹോദരൻ ഏബ്രഹാമും കുടുംബസമേതം ന്യൂയോർക്കിൽ ആണ്. ജോസഫിന്റെ സംസ്കാരം വെള്ളി ഫ്ലോറിഡ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
Leave a Comment