തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിക്ക് പൊള്ളിച്ചു; ബന്ധു അറസ്റ്റില്‍

കൊച്ചി: തൈക്കൂടത്ത് ഒമ്പതു വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ പീഡനം. തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളലേറ്റ മൂന്നാംക്ലാസുകാരനെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി അങ്കമാലി സ്വദേശി പ്രിന്‍സ് അറസ്റ്റിലായി. നാട്ടുകാരും വാര്‍ഡ് ജനപ്രതിനിധിയും ചേര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ഐപിസി വകുപ്പുകള്‍ പ്രകാരം പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. റിമാന്‍ഡ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി മരട് സിഐ സി. വിനോദ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു. പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് ഏതാനും വര്‍ഷങ്ങളായി സ്‌ട്രോക്കിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ്.

നേരത്തെ ജോലിക്കു പോയിരുന്നെങ്കിലും പിതാവിന് സുഖമില്ലാതായതോടെ മാതാവ് ജോലിക്കു പോകുന്നതു നിര്‍ത്തിയിരുന്നു. പൊള്ളലേറ്റ കുഞ്ഞിന്റെ സഹോദരിയുമായി അടുപ്പത്തിലായ അങ്കമാലി സ്വദേശിയായ യുവാവ് ഈ വീട്ടിലാണ് താമസം. കുഞ്ഞിനോട് താല്‍പര്യമില്ലാതിരുന്ന ഇയാള്‍ പലപ്പോഴും കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നു പറയുന്നു. കഴിഞ്ഞ ദിവസം സാധനം വാങ്ങുന്നതിനു നല്‍കിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താന്‍ വൈകിയതിനുമായിരുന്നു ഉപദ്രവിച്ചത്. ശരീരത്തു ചട്ടുകം പഴുപ്പിച്ചു വയ്ക്കുകയും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേല്‍പിക്കുകയുമായിരുന്നെന്നു കുഞ്ഞ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

അതേസമയം വിവാഹം കഴിച്ചെന്നു പറയുന്ന സഹോദരിക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 18 വയസും ആറുമാസവും കഴിഞ്ഞതായാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. യുവാവിനാകട്ടെ നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല. 19 വയസ് ആണെന്നു പറയുന്നു. യുവതിയുടെ ജന്‍മ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ പരിശോധിച്ച് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പോക്‌സോ കേസ് ഉള്‍പ്പടെ ചുമത്തുമെന്ന് പൊലീസ് പ്രതികരിച്ചു.

pathram:
Related Post
Leave a Comment