നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ചസംഭവത്തില്‍ ദുരൂഹത; അവള്‍ക്ക് രക്തം പേടിയാണ്; ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് അമ്മ

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ആതിരയുടെ കുടുംബത്തിനൊപ്പം ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും കൊലപാതക സാധ്യത ആരോപിച്ചു. എന്നാല്‍ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം.

വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജിശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച് കിടന്നത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു.

ആത്മഹത്യയെന്ന പൊലീസിന്റെ പ്രാഥമിക നിഗമനത്തിന്റെ കാരണം ഇവയാണ്: ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നും ശരീരത്തിലില്ല. കത്തികൊണ്ടുണ്ടായ മുറിവാണ് കഴുത്തിലും കൈത്തണ്ടകളിലുമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്ന കുളിമുറിയില്‍നിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലില്ലായിരുന്നുവെന്ന് മൊഴികളില്‍ നിന്ന് വ്യക്തമായി.

എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവള്‍ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്കു എടുക്കാന്‍ സാധിക്കില്ലെന്നും അമ്മ പറയുന്നു.

വെള്ളിയാഴ്ച രാവിലെ ശരത്തും ഭര്‍തൃപിതാവും കൂടി ആശുപത്രിയില്‍ പോയിരുന്നു. ഭര്‍തൃമാതാവും ജോലിക്കായി പുറത്തേക്ക് പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തി. വീട്ടില്‍ ആരെയും കാണാതെ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭര്‍തൃപിതാവും തിരികെയെത്തി. തുടര്‍ന്ന് എല്ലാവരും കൂടി അന്വേഷിക്കുന്നതിനിടെയാണ് കുളിമുറി അടച്ചിട്ടതായി കാണുന്നതും അടിച്ച് തുറന്നതും. സാഹചര്യങ്ങളില്‍ സംശയം ഉന്നയിക്കുകയാണ് ഭര്‍തൃപിതാവും.

ആത്മഹത്യയെന്ന് പറയുമ്പോഴും കാരണം എന്താണെന്ന് പൊലീസിനും നിശ്ചയമില്ല. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മൊഴിയെടുത്തിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.

pathram:
Related Post
Leave a Comment