ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് ; നിര്‍ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന പദവിയിലും ഡിസിസി പുനഃസംഘടനയിലും തീരുമാനമുണ്ടായേക്കും.

നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ഗൗരവമായ ചര്‍ച്ചകളിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടിക്കേല്‍പിച്ച ക്ഷീണം മറികടക്കാനുള്ള തിരുത്തല്‍ പ്രക്രിയയ്ക്കും യോഗത്തില്‍ തീരുമാനമായേക്കും.

സംസ്ഥാനത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക. ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസിതല അഴിച്ചുപണിയോട് എ, ഐ ഗ്രൂപ്പുകള്‍ യോജിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ ഇപ്പോഴുളള അഴിച്ചുപണി ഗുണത്തെക്കാള്‍ ദോഷം ചെയ്യുമെന്നാണ് ഗ്രൂപ്പുകളുടെ പക്ഷം. ഇരട്ട പദവി പരിധിയിലുളള എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റിയേക്കും.

ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ എത്തും. രമേശ് ചെന്നിത്തല നേരത്തെ ഡല്‍ഹിയില്‍ എത്തിയിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ചര്‍ച്ചകളുടെ ഭാഗമാകും.

pathram:
Leave a Comment