രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും

രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാവിലെ പത്തരക്ക് വാക്സിനേഷൻ ഉദ്ഘാടനം ചെയ്യും.
വാക്സിൻ സ്വീകരിക്കുന്നവരുമായി ഓൺലൈനിൽ സംവദിക്കും. തുടര്‍ന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പുറത്തിറക്കും.

ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്ക് വീതം എന്ന ‍കണക്കില്, കൊവാക്സിനോ, കൊവി ഷീൽഡോ ആണ് നൽകേണ്ടത്. ഒരു ബൂത്തിൽ ഒരു വാക്സിൻ മാത്രമേ നൽകാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നൽകേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.

കോവിഡ് വാക്‌സിനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കോവിഡ് വാക്‌സിനേഷനായി എല്ലാ ജില്ലകളും തയ്യാറാണെന്ന് യോഗം വിലയിരുത്തി.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങില്‍ വാക്‌സിന്‍ എടുക്കാന്‍ വരുന്നവരും ഉദ്യോഗസ്ഥരും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം.

കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്‌സിനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സിന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്.

വാക്‌സിനേഷന്‍ ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അപ്പപ്പോള്‍ തന്നെ വിലയിരുത്തി പരിഹരിച്ച് വാക്‌സിനേഷന്‍ പ്രകൃയ സുഗമമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

pathram desk 2:
Leave a Comment