സ്വകാര്യതയെ ബാധിക്കുമോ? പ്രചരിക്കുന്നതെല്ലാം ശരിയാണോ? വിശദീകരണവുമായി വാട്സാപ്

വാട്സാപ് സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ പുതിയ വിശദീകരണക്കുറിപ്പ് ഇറക്കി പ്രശ്നങ്ങൾ ശമിപ്പിക്കാൻ കമ്പനിയുടെ ശ്രമം. അടുത്തിടെ കൊണ്ടുവന്ന പുതിയ സ്വകാര്യതാ നയം കുടുംബവും സുഹൃത്തുക്കളുമായുള്ള മെസേജുകളെ ബാധിക്കില്ലെന്നും വാട്സാപ് ബിസിനസ് മെസേജുകളെയാണ് ബാധിക്കുകയെന്നതുമാണ് പുതിയ വിശദീകരണത്തിലും വ്യക്തമാക്കിയിരിക്കുന്നത്. ചില കിംവദന്തികൾ നീക്കി കാര്യങ്ങളിൽ 100% വ്യക്തത കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്നും വാട്സാപ് പറയുന്നു.

ചുവടെ പറയുന്ന കാര്യങ്ങൾ ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

* സ്വകാര്യ മെസേജുകള്‍ കാണാൻ വാട്സാപ്പിനു സാധിക്കില്ല. കോളുകൾ കേൾക്കാനും സാധിക്കില്ല. ഫെയ്സ്ബുക്കിനും ഇതു സാധിക്കില്ല.

* ആരൊക്കെയാണ് മെസേജ് അയയ്ക്കുന്നത്, വിളിക്കുന്നത് എന്നതിന്റെ ലോഗുകൾ വാട്സാപ് സൂക്ഷിച്ചുവയ്ക്കാറില്ല.

* വാട്സാപ്പിനും ഫെയ്സ്ബുക്കിനും നിങ്ങളുടെ ഷെയേർഡ് ലൊക്കേഷൻ കാണാൻ സാധിക്കില്ല.

* ഫെയ്സ്ബുക്കുമായി വാട്സാപ് നിങ്ങളുടെ കോണ്ടാക്ട് പങ്കുവയ്ക്കില്ല.

* വാട്സാപ് ഗ്രൂപ്പുകൾ പ്രൈവറ്റ് രീതിയിൽതന്നെ തുടരും.

* മെസേജുകൾ അപ്രത്യക്ഷമാകണമെങ്കിൽ അതു നിങ്ങൾക്കു തീരുമാനിക്കാം.

* നിങ്ങളുടെ ഡേറ്റ നിങ്ങൾക്കുതന്നെ ഡൗൺലോഡ് ചെയ്യാം.

ഗ്രൂപ്പ് പ്രൈവസിയെന്ന ഏറ്റവും വലിയ ആശങ്കയെക്കുറിച്ച് വാട്സാപ്പിന്റെ സ്വകാര്യതാ നയം പറയുന്നതിങ്ങനെ – ‘നിങ്ങളുടെ ഡേറ്റ, പരസ്യങ്ങൾക്കായി ഫെയ്സ്ബുക്കിന് കൈമാറില്ല. പ്രൈവറ്റ് ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണ് അതിനാൽ എന്താണ് അയയ്ക്കുന്നതെന്ന് ഞങ്ങൾക്കു കാണാനാകില്ല’.

സ്വകാര്യതാ നയത്തിൽ കൊണ്ടുവന്ന പുതിയ മാറ്റം വിവാദമായതിനെത്തുടർന്ന് ഇതു രണ്ടാം തവണയാണ് വാട്സാപ് വിശദീകരണം ഇറക്കുന്നത്. മാതൃകമ്പനിയായ ഫെയ്സ്ബുക്കിന് വാട്സാപ് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറുമെന്നായിരുന്നു മാറ്റം. ഈ മാറ്റം അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി മുതൽ വാട്സാപ് ഉപയോഗിക്കാനാകാതെ വരുമെന്നും വ്യക്തമാക്കിയിരുന്നു.

Summary: WhatsApp Updates On Privacy Policy

pathram desk 2:
Leave a Comment