അതിതീവ്ര കോവിഡ് ; പ്രാദേശിക വ്യാപനം തടയാന്‍ നിര്‍ദ്ദേശം , യുകെയില്‍ നിന്നെത്തിയ 1600 സമ്പര്‍ക്കത്തിലുള്ളവരെയും നിരീക്ഷിക്കും

തിരുവനന്തപുരം: അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്നെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

സാധാരണ കോവിഡ് വൈറസിനേക്കാള്‍ 70% വ്യാപന ശേഷി കൂടുതലാണ് പുതിയ വകഭേദത്തിനെന്ന പ്രാഥമിക പഠനങ്ങളാണ് അതീവ ജാഗ്രത നിര്‍ദേശത്തിനു പിന്നില്‍. കോഴിക്കോട് രണ്ടു വയസുളള കുട്ടിക്കും അച്ഛനും, ആലപ്പുഴക്കാരായ ദമ്പതികള്‍, കോട്ടയത്തു നിന്നുളള ഇരുപതുകാരി, കണ്ണൂര്‍ സ്വദേശി ഇരുപത്തൊമ്പതുകാരന്‍ എന്നിവരിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. യുകെയില്‍ നിന്നെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 21 പേരുടെ ഫലം വരാനുണ്ട്.

ഡിസംബറില്‍ 1600 പേരാണ് യുകെയില്‍ നിന്നെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും ആര്‍ടി പിസിആര്‍ പരിശോധന നടത്തും. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകള്‍ പുണെയില്‍ അയച്ച് വീണ്ടും പരിശോധിക്കും. യുകെയില്‍ നിന്ന് വന്നവരും സമ്പര്‍ക്കത്തിലായവരും സ്വയം വെളിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. രാജ്യത്ത് ഇതുവരെ അതിതീവ്ര വൈറസ് ബാധ 58 പേര്‍ക്ക് സ്ഥിരീകരിച്ചു.

അതേസമയം വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന കര്‍ശനമായിരുന്നില്ല. ഇതിനകം പ്രാദേശിക വ്യാപനം നടന്നിരിക്കാമെന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികില്‍സയിലുളളത് കേരളത്തിലാണ്. പ്രത്യേക മെഡിക്കല്‍ ടീമിനെ കേരളത്തിലേക്ക് അയയ്ക്കണമെന്ന് ബിജെപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

pathram:
Leave a Comment