കോവിഡ് നിയന്ത്രണങ്ങള്‍ക്കു പുല്ലുവില; ഡി.ജെ. പാര്‍ട്ടിയില്‍ ആടി തിമിര്‍ത്ത് ആയിരങ്ങള്‍

പൂവാര്‍ (തിരുവനന്തപുരം): കോവിഡ് നിയന്ത്രണങ്ങള്‍ക്കു പുല്ലുവില കല്‍പ്പിച്ച്, തിരുവനന്തപുരം പൊഴിയൂരില്‍ ആയിരക്കണക്കിനു യുവാക്കള്‍ ഡി.ജെ. പാര്‍ട്ടിയൊരുക്കി അഴിഞ്ഞാടി. പോലീസ് നിസ്സഹായരായി.

മുഖാവരണമില്ലാതെയും ആശ്ലേഷിച്ചും കൂവിവിളിച്ചുമായിരുന്നു ആഘോഷം.
പൊഴിയൂര്‍ പരുത്തിയൂര്‍ പിയാത്ത മൈതാനത്താണു ഫ്രീക്‌സ് എന്ന യുവജനസംഘടന ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ ഡി.ജെ. പാര്‍ട്ടിയൊരുക്കിയത്. ഉച്ചയോടെ പൊഴിയൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. പ്രസാദിന്റെ നേതൃത്വത്തില്‍ സംഘാടകരെക്കണ്ട് പരിപാടി വിലക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് ഉച്ചക്കട ഭാഗം കേന്ദ്രീകരിച്ച്, പാര്‍ട്ടിക്കു വന്ന വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു.

എന്നാല്‍, പഴയ ഉച്ചക്കട, കല്ലി, കഞ്ഞിക്കുഴി, വിരാലി, കണ്ണനാകം തുടങ്ങിയ ഭാഗങ്ങളിലൂടെ രണ്ടായിരത്തോളം ബൈക്ക് യാത്രികര്‍ പൊഴിയൂര്‍ ബീച്ചിലേക്കു പ്രവഹിച്ചു.
തമിഴ്‌നാട് ഭാഗമായ കൊല്ലംകോട്, നീരോടി, വള്ളവിള, ചിന്നത്തുറ, തേങ്ങാപ്പട്ടണം എന്നിവിടങ്ങളില്‍നിന്നു ബൈക്കിലും കാറിലും എത്തിയവരുടെ എണ്ണംതന്നെ ആയിരത്തിലധികമാണ്. പൊഴിയൂര്‍ ക്ഷേത്രനട മുതല്‍ ബീച്ച് വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തില്‍ ബൈക്കുകള്‍ റോഡിന്റെ ഇരുവശത്തും കാണപ്പെട്ടു. പരുത്തിയൂര്‍ പള്ളി മുതല്‍ കൊല്ലംകോട് കോളനി വരെ കാല്‍നടയാത്രപോലും അസാധ്യമായി. ബൈക്കുകളുടെ എണ്ണമനുസരിച്ചാണെങ്കില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തിട്ടുണ്ടാകുമെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമൂലം കോവിഡ് വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണു നാട്ടുകാര്‍. ഫ്രീക്‌സ് ഭാരവാഹികളുടെ പേരില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

pathram:
Related Post
Leave a Comment