നടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

കൊച്ചി : ഇടപ്പള്ളി മാളിലെ ഹൈപ്പർ മാർക്കറ്റിൽ യുവനടിക്കെതിരെ അതിക്രമം കാട്ടിയ രണ്ടു യുവാക്കളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഇവരെ നടി തിരിച്ചറിഞ്ഞിരുന്നു. കളമശേരി, മുട്ടം മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ദൃശ്യങ്ങളിൽനിന്ന് പ്രതികളെപ്പറ്റി പൊലീസിനു സൂചന ലഭിച്ചിരുന്നെങ്കിലും ഇവർതന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിക്കാതിരുന്നതിനാലാണ് ചിത്രങ്ങൾ പുറത്തുവിടാതിരുന്നത്. പ്രതികളെ കണ്ടെത്താൻ മറ്റു മാർഗങ്ങൾ തേടിയിരുന്നെങ്കിലും ഫലമില്ലാതെവന്നതോടെയാണ് ചിത്രങ്ങൾ നടിയെ കാണിച്ചു സ്ഥിരീകരിച്ച ശേഷം പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയുന്നവർ പൊലീസിനെ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. മാന്യമായി വസ്ത്രധാരണം ചെയ്ത, 24 വയസ്സിൽ കുറയാത്ത പ്രായമുള്ളവരാണ് ചിത്രങ്ങളിലുള്ളത്. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

അതിക്രമത്തെപ്പറ്റി നടി പരാതി നൽകിയിരുന്നില്ലെങ്കിലും അവരുടെയും മാതാവിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിന് ഐജി വിജയ് സാഖറെയും കളമശേരി പൊലീസിന് നിർദേശം നൽകിയിരുന്നു. സംഭവം പുറത്തു വന്ന് ഒരു ദിവസം കഴിഞ്ഞിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ വന്നതോടെ പൊലീസ് കടുത്ത സമ്മർദത്തിലായി. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോർട്ട് തേടുകയും ചെയ്തു.. ഈ സാഹചര്യത്തിലാണ് ചിത്രങ്ങൾ പുറത്തു വിടാൻ തീരുമാനിച്ചത്.

കളമശേരി മെട്രോ സ്റ്റേഷനിലെത്തിയ പ്രതികൾ‌ മാളിലേക്കുള്ള പാതയിലൂടെയാണ് അകത്തു കയറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാളിൽ കയറുംമുമ്പ് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രവേശന കവാടത്തിൽ ഫോൺ നമ്പരും പേരും നൽകണം. ഇത് ചെയ്യാതെ, മറ്റൊരാളുടെ കൂടെയാണ് വന്നതെന്നു സെക്യൂരിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് അകത്തു കടന്നത്. ഇതിലൂടെ, പ്രതികൾ മനപ്പൂർവം ദുരുദ്ദേശ്യത്തോടെയാണ് മാളിനുള്ളിൽ കടന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നു.

മാളിൽ വ്യാഴാഴ്ച കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവനടിക്കു നേരേയാണ് കയ്യേറ്റമുണ്ടായത്. ആൾത്തിരക്കില്ലാത്തിടത്തു വച്ച് പ്രതികൾ മനപ്പൂർവം നടിയുടെ ശരീരത്ത് സ്പർശിച്ച് കടന്നു പോകുകയും പിന്തുടരുകയും ചെയ്തെന്നാണ് വെളിപ്പെടുത്തൽ. പിന്നീട് നടി പണമടയ്ക്കാനുള്ള കൗണ്ടറിൽ നിൽക്കുമ്പോഴും അടുത്തു വന്ന് സംസാരിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്തെന്നും നടി ഒച്ചയെടുത്തതോടെ കടന്നു കളഞ്ഞെന്നുമാണ് കേസ്. നടി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

pathram desk 1:
Related Post
Leave a Comment