മൊഹാലി: സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച യുവരാജ് സിങ്ങിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ ഇടംനല്‍കി സിലക്ടര്‍മാര്‍. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയോടെയാണ്. ജനുവരി 10 മുതല്‍ 31 വരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പദ്ധതിപ്രകാരം ടൂര്‍ണമെന്റ് നടക്കേണ്ടത്. ഇതിനു മുന്നോടിയായി പ്രഖ്യാപിച്ച പഞ്ചാബിന്റെ 30 അംഗ സാധ്യതാ ടീമിലാണ് യുവരാജ് സിങ്ങും ഇടംപിടിച്ചത്.
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും കഴിഞ്ഞ വര്‍ഷമാണ് യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനായി കളിക്കണമെന്ന അഭ്യര്‍ഥനയുമായി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ (പിസിഎ) യുവരാജിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാണ് യുവരാജ് സിങ് 39ാം ജന്മദിനം ആഘോഷിച്ചത്.
സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മുടക്കമില്ലാതെ യുവരാജ് സിങ് പരിശീലനം തുടരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പരിശീലനത്തിന്റെ വിഡിയോ യുവരാജ് പങ്കുവയ്ക്കുന്നതും ക്രിക്കറ്റില്‍ സജീവമാകാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.
അതേസമയം, പഞ്ചാബിനായി കളത്തിലിറങ്ങാന്‍ യുവരാജിന് സാധിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇക്കാര്യത്തില്‍ ബിസിസിഐയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ബിസിസിഐയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് പിസിഎ സെക്രട്ടറി പുനീത് ബാലി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ബിസിസിഐയുടെ പ്രത്യേക അനുമതി വാങ്ങി കാനഡയില്‍ നടന്ന ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ യുവരാജ് കളിച്ചിരുന്നു. ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുന്ന താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കാറില്ല. സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച സാഹര്യത്തിലാണ് ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ കളിക്കാന്‍ ബിസിസിഐ യുവരാജിന് അനുമതി നല്‍കിയത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും കളിക്കാനുള്ള യുവരാജിന്റെ നീക്കത്തോട് ബിസിസിഐ എങ്ങനെ പ്രതികരിക്കുമെന്ന് അവ്യക്തതയുണ്ട്.
Leave a Comment