ഞാനല്ല, നീയാണ് അര്‍ഹന്‍; മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം നടരാജന് സമ്മാനിച്ച് ഹാര്‍ദിക് പാണ്ഡ്യ

സിഡ്‌നി: ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ടി20യില്‍ തിരിച്ചടിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. പരമ്പര നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രണ്ടാം ടി20യില്‍ ഇന്ത്യയെ ജയിപ്പിക്കുന്നതില്‍ താരത്തിന്റെ പങ്ക് വലുതായിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സര്‍ പായിച്ചാണ് ഹാര്‍ദിക് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ടി20 പരമ്പര അവസാനിച്ചപ്പോല്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു മാന്‍ ഓഫ് ദ സീരീസ്. പന്തെടുത്തില്ലെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്നായി 78 റണ്‍സാണ് പാണ്ഡ്യ നേടിയത്. രണ്ടാം മത്സരത്തില്‍ നേടിയ 42 റണ്‍സാണ് താരത്തിന്റ ഉയര്‍ന്ന സ്‌കോര്‍. ഇന്ന് 20 റണ്‍സെടുത്ത് താരം പുറത്തായി. ആദ്യ മത്സരത്തില്‍ 16 റണ്‍സാണ് പാണ്ഡ്യയെടുത്തത്. മാന്‍ ഓഫ് ദ സീരീസ് നല്‍കേണ്ട പ്രകടനമൊന്നും താരം നടത്തിയില്ലെന്നാാണ് ആരാധകരുടെ പക്ഷം.

പുരസ്‌കാരം പാണ്ഡ്യക്കായിരുന്നു. എന്നാല്‍ താന്‍ അര്‍ഹനല്ലെന്ന് അറിഞ്ഞിട്ടുതന്നെ ആയിരിക്കണം പാണ്ഡ്യ പുരസ്‌കാരം നടരാജന് കൈമാറി. പരമ്പരയിലൊന്നാകെ 12 ഓവര്‍ എറിഞ്ഞ നടരാജന്‍ 83 റണ്‍സാണ് വിട്ടുകൊടുത്തത്. ആറ് വിക്കറ്റും താരം സ്വന്തമാക്കി. അതുകൊണ്ട് തന്നെ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നത് നടരാജന് തന്നെയാണെന്നാണ് ആരാധകരുടെ പക്ഷം. പാണ്ഡ്യ ചെയ്തത് ഒരു വലിയ കാര്യം തന്നെയാണെന്ന് ആരാധകര്‍ പറയുന്നു.

ഇക്കാര്യം പിന്നീട് ഹാര്‍ദിക് പാണ്ഡ്യ സമ്മതിക്കുകയും ചെയ്തു. അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടരാജനൊപ്പം നിന്നുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തു. പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”നടരാജന്‍, താങ്കള്‍ പരമ്പരയില്‍ അവിസ്മരണീയ പ്രകടനമാണ് നടത്തിയത്. അരങ്ങേറ്റ പരമ്പരയിലെ ഈ പ്രകടനം താങ്കള്‍ക്ക് എത്രത്തോളം കഴിവുണ്ടെന്നും എത്രത്തോളം കഠിനാധ്വാനിയാണെന്നും തെളിയിക്കുന്നതാണ്. അതും ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കളിച്ചിട്ടുകൂടി. എന്റെ കണ്ണില്‍ നിങ്ങളാണ് മാന്‍ ഓഫ് ദ സീരീസിന് അര്‍ഹന്‍.” പാണ്ഡ്യ കുറിച്ചിട്ടു. 

മത്സരശേഷമുള്ള ടീം ഫോട്ടോയില്‍ രണ്ട് ട്രോഫികളാണ് നടരാജന്റെ കയ്യിലുണ്ടായിരുന്നത്. അതിലൊന്ന് പാണ്ഡ്യ സമ്മാനിച്ച് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരമായിരുന്നു. മറ്റൊരു പരമ്പര നേട്ടത്തില്‍ ലഭിച്ച ട്രോഫിയും. പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം എന്ന് പറയാവുന്നത് നടരാജന്റെ പ്രകടനമായിരുന്നു.

pathram desk 1:
Related Post
Leave a Comment