കോവിഡ് വാക്സീന്‍ എടുക്കുന്നതു നിര്‍ബന്ധിതമാക്കാന്‍ പദ്ധതിയില്ലെന്നു പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ : കോവിഡ് വാക്സീന്‍ എടുക്കുന്നതു നിര്‍ബന്ധിതമാക്കാന്‍ പദ്ധതിയില്ലെന്നു പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് വാക്സീന്‍ വിതരണം ആരംഭിച്ചാല്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് പൊതുജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വാക്സിനേഷന്‍ വകുപ്പ് മേധാവി ഡോ.സോഹ അല്‍ ബെയ്ത് വ്യക്തമാക്കി.

കോവിഡിന്റെ അപകട സാധ്യതകളെക്കുറിച്ചു രാജ്യത്തെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഉയര്‍ന്ന അവബോധമുള്ളതിനാല്‍ സ്വയവും സമൂഹത്തെയും സംരക്ഷിക്കാനും കോവിഡ് വാക്സീന്‍ എടുക്കണമെന്നത് പൊതുജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നും ഡോ.സോഹ ചൂണ്ടിക്കാട്ടി. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറും ബയോടെക്കും വികസിപ്പിച്ച കോവിഡ് വാക്സീന്‍ 90 ശതമാനത്തോളം ഫലപ്രദമെന്നാണു കണ്ടെത്തല്‍.

മോഡേണയുടേത് 94.5 ശതമാനമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈസറും മോഡേണയുമായി ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുള്ളതിനാല്‍ റഗുലേറ്ററി അനുമതി ലഭിക്കുന്നതനുസരിച്ച് ഡിസംബറില്‍ ഫൈസറിന്റെ ആദ്യ ബാച്ച് വാക്സീനെത്തുമെന്നാണ് സൂചന. മോഡേണയുടേത് 2021 ആദ്യ പാദത്തിലും ഖത്തറിന് ലഭിക്കുമെന്നാണ് നേരത്തെ മന്ത്രാലയത്തിലെ കോവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ മുഴുവന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി വാക്സീന്‍ നല്‍കും. വാക്‌സീന്‍ ലഭിക്കുമ്പോള്‍ ആദ്യ പരിഗണന വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

pathram:
Leave a Comment