ജ്യേഷ്ഠന്‍ സിപിഎം, അനുജന്‍ ബിജെപി; കണ്ണൂരിലെ മത്സരം ഇങ്ങനെ…

കണ്ണൂർ കൊളച്ചേരി പ‍ഞ്ചായത്തിലെ രണ്ടാം വാർഡായ കമ്പിൽ ജ്യേഷ്ഠൻ സിപിഎമ്മിന്റെയും അനുജൻ ബിജെപിയുടെയും സ്ഥാനാർഥികളായി മത്സര രംഗത്ത്. ചെറുക്കുന്നിലെ എ.കുമാരനും അനുജൻ എ.സഹജനുമാണു പരസ്പരം മത്സരിക്കുന്നത്. സഹജൻ മുൻപു സിപിഎം പ്രവർത്തകനും 2010ൽ ഇതേ വാർഡിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്നു. പാർട്ടി വിട്ട് ആദ്യം ബിഡിജെഎസിലും അടുത്തിടെ ബിജെപിയിലും ചേർന്നു. അയൽക്കാർ കൂടിയായ ഇരുവരും താമസിക്കുന്നത് പതിനേഴാം വാർഡിലാണ്. അതുകൊണ്ടു കുടുംബ വോട്ടുകൾ ആർക്കു കിട്ടുമെന്ന കാര്യത്തിൽ തർക്കത്തിന്റെ കാര്യമില്ല. ഇരുവരും വിജയപ്രതീക്ഷയിൽ തന്നെ.

കണ്ണൂരില്‍ എപ്പോഴും രാഷ്ട്രീയ നീക്കങ്ങള്‍ പ്രവചിക്കാനാവാത്തതാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടു മതി വിജയ പരാജയങ്ങൾ മാറി മറിയാൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിന്റെ വ്യത്യാസത്തിനായിരുന്നു നാലിടത്തെ സ്ഥാനാർഥികൾ വിജയം നേടിയത്. ഒറ്റ വോട്ടിനു വാർഡിൽ ജയിച്ചവർ നഗരസഭാധ്യക്ഷർ വരെയായിട്ടുണ്ട് കണ്ണൂർ ജില്ലയിൽ. ശ്രീകണ്ഠപുരം നഗരസഭയിലെ കാനപ്പുറം ഡിവിഷനിൽ യുഡിഎഫിന്റെ പി.പി.രാഘവൻ വിജയിച്ചത് ഒറ്റ വോട്ടിനായിരുന്നു. രാഘവന് 348 വോട്ടും എൽഡിഎഫിന്റെ കെ.വിജയന് 347 വോട്ടും ലഭിച്ചു. ഒരു വോട്ടിനു ജയിച്ച രാഘവൻ പിന്നീട് നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായി.ഇരിട്ടി നഗരസഭയിലെ പെരിയത്തിൽ ഡിവിഷനിൽ യുഡിഎഫിന്റെ എ.കെ.മുസ്തഫ (396) ഒരു വോട്ടിന്റെ വ്യത്യാസത്തിലാണു വിജയം കണ്ടത്. പരാജയപ്പെടുത്തിയത് എൽഡിഎഫിലെ പി.കെ.അയ്യൂബിനെ. ഒരു വോട്ട് വിജയത്തിൽ നിർണായകമായി മാറിയ ഇവിടെ അയൂബിന്റെ അപരൻ അഞ്ച് വോട്ടു പിടിച്ചു. അപരന്റെ സാന്നിധ്യമില്ലായിരുന്നെങ്കിൽ തിരഞ്ഞെടുപ്പു ഫലം മറ്റൊന്നായേനെ.

ബിജെപിയുടെ ശക്തമായ സാന്നിധ്യംകൊണ്ടു ത്രികോണ മത്സരം നടന്ന കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് കണ്ടോന്താർ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയിച്ചതും ഒരു വോട്ടിന്. എൽഡിഎഫ് സ്ഥാനാ‍ർഥി തെക്കില്ലത്തു രത്മമണിക്ക് 371 വോട്ടും യുഡിഎഫിന്റെ എം.പി.ലക്ഷ്മിക്ക് 370 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി എം.പി. രത്മമണി 270 വോട്ടു പിടിച്ചതാണു മത്സരം കടുപ്പിച്ചത്.കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പറമ്പ് വാർഡിൽ യുഡിഎഫിലെ പി.ഷറഫുന്നീസ (426) ഒരു വോട്ടിനാണ് എൽഡിഎഫിലെ എ.പി.ഹഫ്സത്തി(425)നെ പരാജയപ്പെടുത്തിയത്.

pathram:
Leave a Comment