സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ എം. ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തലോടെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും വെട്ടിലായി. സ്വര്‍ണക്കടത്തിലെ പണമാണ് സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ചത് എന്നായിരുന്നു കസ്റ്റംസിന്‍റെയും എന്‍ഐഎയുടെയും കണ്ടെത്തല്‍. ലോക്കറിലെ പണം സ്വര്‍ണക്കടത്തിലേതല്ലെന്ന് വ്യക്തമായാല്‍ നിലവിലെ അന്വേഷണത്തെ കാര്യമായി ബാധിക്കും. പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ നാളെ കസ്റ്റംസ് ചോദ്യം ചെയ്യും.
തിരുവനന്തപുരം എസ്ബിഐയിലെ സ്വപ്നസുരേഷിന്‍റെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും ഫെഡറല്‍ ബാങ്ക് സ്റ്റാച്യൂ ശാഖയിലെ ലോക്കറില്‍ നിന്ന് 46ലക്ഷത്തി അന്‍പതിനായിരം രൂപയുമാണ് എന്‍ഐഎ കണ്ടെടുത്തത്. ഇത് സ്വര്‍ണക്കടത്തില്‍ പ്രതിയുണ്ടാക്കിയ പണമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത് തന്നെ. കസ്റ്റംസും എന്‍ഐഎയുടെ അന്വേഷണത്തോട് യോജിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്. കെ.ടി റമീസാണ് സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരനെന്നായിരുന്നു ഇരു ഏജന്‍സികളും വ്യക്തമാക്കിയത്.
ആദ്യഘട്ടത്തില്‍ ഈ അന്വേഷണത്തെ ശരിവച്ച എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ ശിവശങ്കറിെന്‍റ ജാമ്യാപേക്ഷയ്ക്കെതിരെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്സ്മെന്‍റ് നടത്തിയ വെളിപ്പെടുത്തല്‍ സ്വര്‍ണക്കടത്തിന്‍റെ ഇതുവരെയുള്ള അന്വേഷണത്തെ തകിടം മറിക്കുന്നതാണ്. ലൈഫ് മിഷന്‍ കരാറിലൂടെ ശിവശങ്കറിന് ലഭിച്ച പണമാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചതെന്നും ശിവശങ്കറിനെ രക്ഷപെടുത്താന്‍ സ്വപ്ന കള്ളം പറഞ്ഞതാണെന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തല്‍. മാത്രവുമല്ല സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും എന്‍ഫോഴ്സ്മെന്‍റ് പറയുന്നു.
ഇതോടെ വെട്ടിലായത് മറ്റ് ഏജന്‍സികളാണ്. ലോക്കറിലെ പണം സ്വര്‍ണക്കടത്തിലെതല്ലെങ്കില്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും തുടരന്വേഷണം ദുഷ്കരമാകും. എന്‍ഐഎയും കസ്റ്റംസും ഇതുവരെ കോടതിയില്‍ നല്‍കിയ രേഖകളിലെല്ലാം ഈ പണം സ്വര്‍ണക്കടത്തിലേതാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്മെന്‍റിന്‍റെ പുതിയ വാദത്തോടെ ശിവശങ്കറിനെ എന്‍ഐഎയ്ക്കും കസ്റ്റംസിനും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ് . കസ്റ്റംസ് നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യും. എന്‍ഐഎ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Leave a Comment