കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ പ്രതിഫലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനതാ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് മുതല്‍ ഇന്നുവരെ സ്വീകരിച്ച നടപടികള്‍ ജനം അംഗീകരിച്ചു. ഓരോ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ വിജയഗാഥയായി മാറിയെന്നും ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി മികച്ച പ്രകടനം നിലനിര്‍ത്തുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ വിജയം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പ് വന്‍ വിജയമാക്കി തീര്‍ത്തതിന് രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യം ആഘോഷിക്കുന്നുവെന്നാണ് താന്‍ കരുതുന്നത്. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ ജനങ്ങള്‍ ഉത്സാഹത്തോടെ പങ്കെടുത്തു. ചില സസ്ഥാനങ്ങളില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ രാജ്യത്തെ എല്ലാ കണ്ണുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ രാത്രി വൈകിയും ടെലിവിഷനിലും ട്വിറ്ററിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലുമായിരുന്നു. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ അദ്ദേഹം അഭിനന്ദിച്ചു.

ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വൈകീട്ടോടെയാണ് ആഘോഷം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ ആദ്യം ബിജെപി ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി മോദി പിന്നീടാണ് എത്തിയത്. വിജയാഘോഷത്തിനു ശേഷം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ബിജെപി ആസ്ഥാനത്ത് ചേരും.

ആത്മനിര്‍ഭര്‍ ബിഹാറിനാണ് അവിടുത്തെ ജനങ്ങള്‍ വോട്ടുചെയ്തതെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. ഗുണ്ടാ രാജ് തള്ളിക്കളഞ്ഞ വികാസ് രാജ് തിരഞ്ഞെടുത്തു. കോവിഡ് മഹാമാരിക്കിടെയാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. എന്നാല്‍ ബിഹാറിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും യുപിയിലെയും മണിപ്പൂരിലെയും തെലങ്കാനയിലെയും ജനങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ മുന്നിട്ടിറങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment